മലപ്പുറം: അരീക്കോട് 200 ഗ്രാമോളം എംഡിഎംഎയുമായി ഒരാൾ പിടിയിൽ. അരീക്കോട് പൊലീസും ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. പൂവത്തിക്കൽ സ്വദേശി അസീസാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
ആദ്യം 100 ഗ്രാമും പിന്നീട് നടത്തിയ പരിശോധനയിൽ 96 ഗ്രാം എംഡിഎംഎയും കൂടെ കണ്ടെടുക്കുകയായിരുന്നു. അറബി അസീസ് എന്ന് അറിയപ്പെടുന്ന പ്രതി മയക്കുമരുന്ന് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്.
പ്രതിയുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിൽ കൊണ്ടുനടന്ന് വില്പന നേടുകയാണ് ഇയാൾ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.
അസീസിൽ നിന്നും മയക്കുമരുന്ന് വാങ്ങാനെത്തിയ മുണ്ടേകര സ്വദേശി ഷെമീർ ബാബുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.