എറണാകുളം: ലഹരി വിതരണവും വില്പനയും നടത്തിവന്ന സ്ത്രീ ഉൾപ്പടെ രണ്ടുപേർക്ക് പത്തുവർഷം കഠിന തടവ്. എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ഇരുവരെയും ശിക്ഷിച്ചത്. ലഹരി കേന്ദ്രങ്ങളിൽ തുമ്പിപ്പെണ്ണെന്ന് കുപ്രസിദ്ധി നേടിയ കോട്ടയം ചിങ്ങവനം സ്വദേശിനി സൂസിമോൾ സണ്ണി, ആലുവ സ്വദേശി സമീർ ഹുസൈൽ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കേസിൽ പിടിയിലായ രണ്ടുപേരെ വെറുത വിട്ടിരുന്നു.
2023 ഒക്ടോബറിലാണ് കലൂർ സ്റ്റേഡിയം പരിസരത്തുനിന്ന് കാറിൽ കടത്തുകയായിരുന്ന 350 ഗ്രാം എം.ഡി.എം.എ. സഹിതം സൂസിമോൾ ഉൾപ്പടെയുള്ളവരെ പിടികൂടിയത്. ഹിമാചലിൽ നിന്നുള്ള സംഘമാണ് ഇവർക്ക് ലഹരി എത്തിച്ചുനൽകിയിരുന്നത്. വിമാനത്തിൽ കൊച്ചിയിൽ എത്തുന്ന രാസ ലഹരി പാക്കറ്റുകളിലാക്കി ഏജന്റുമാർക്ക് കൈമാറുകയായിരുന്നു ഇവരുടെ ജോലി. മാലിന്യമെന്ന രീതിയിൽ ലഹരി സംഘം സൂചന നൽകുന്ന ഇടങ്ങളിൽ വിമാനത്താവള പരിസരങ്ങളിൽ ഉപേക്ഷിക്കുകയാണ് പതിവ്. ഇവിടെ നിന്ന് ആവശ്യക്കാർ ഇത് ശേഖരിക്കും.