കർണാടകയിൽ പാൽ വില കൂട്ടി സിദ്ധരാമയ്യ സർക്കാർ. കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി മിൽക്കിന് ലിറ്ററിന് നാലു രൂപയാണ് വർദ്ധിപ്പിക്കുന്നത്. വില വർദ്ധന ഫെഡറേഷന്റെയും കർഷക സംഘടനകളുടെയും ആവശ്യം പരിഗണിച്ചെന്നാണ് സർക്കാരിന്റെ വാദം.മാർച്ച് 30 ന് കർണാടകയിലുടനീളം വലിയ ആഘോഷങ്ങളോടെ ആഘോഷിക്കുന്ന ഉഗാദി ഉത്സവത്തിന് മുന്നോടിയായാണ് കുത്തനെയുള്ള വില വർദ്ധനവ്. ഇതോടെ ഹോട്ടലുകളിലും, ബേക്കറികളിലും കാപ്പി, ചായ, എല്ലാ പാൽ ഉത്പ്പന്നങ്ങളുടെയും വില കുത്തനെ ഉയരാൻ സാധ്യതയുണ്ട്.
അടുത്തിടെ മെട്രോ, ആർടിസി ബസ് ചാർജുകൾ വർദ്ധിപ്പിച്ചതിന് പിന്നാലെ സംസ്ഥാന സർക്കാർ നേരിടുന്നത് രൂക്ഷ വിമർശനമായിരുന്നു. വൈദ്യുതി നിരക്കും സർക്കാർ പരിഷ്കരിച്ചിരുന്നു. പാൽ വില ലിറ്ററിന് 5 രൂപ വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ പാൽ വില 4 രൂപ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. തൈര് വിലയും കിലോഗ്രാമിന് 4 രൂപ വർദ്ധിപ്പിച്ചു. ഇപ്പോൾ 54 രൂപയായി. മുമ്പ് തൈര് വില കിലോഗ്രാമിന് 50 രൂപയായിരുന്നു. ഏറ്റവും ചെലവുള്ള നീലക്കവർ നന്ദിനി പാലിന് ലിറ്ററിന് 44 രൂരയായിരുന്നത് 48 രൂപയാകും.















