പഞ്ചാബ്: ഭീകരവാദവും ലഹരിക്കടത്തും പ്രതിരോധിക്കാൻ ഇന്ത്യ പാക് അതിർത്തിയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് പഞ്ചാബ് പൊലീസ്. പാകിസ്താനുമായുള്ള 553 കിലോമീറ്റർ പടിഞ്ഞാറൻ അതിർത്തിയിലാണ് 2,000-ത്തിലധികം സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെയുള്ള ഈ പദ്ധതിക്ക് കഴിഞ്ഞ വർഷം 40 കോടി രൂപയുടെ ബജറ്റ് അനുവദിച്ചിരുന്നു. പഞ്ചാബിന്റെ അതിർത്തി ജില്ലകളിൽ ഗ്രനേഡ് ആക്രമണങ്ങളുടെ വർദ്ധനവും മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള ശ്രമങ്ങളും തുടരുന്ന സാഹചര്യത്തിലാണ് ഇത്.
“100 PTZ ക്യാമറകൾ, 243 ANPR ക്യാമറകൾ, 1,700 ബുള്ളറ്റ് ക്യാമറകൾ എന്നിവയുൾപ്പെടെ 2,127 സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനായി 702 പോയിന്റുകൾ കണ്ടെത്തിയെന്ന് പഞ്ചാബ് പൊലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് പറഞ്ഞു. അതിർത്തി സുരക്ഷാ സേനയുമായും (ബിഎസ്എഫ്) സൈന്യവുമായും കൂടിയാലോചിച്ചാണ് ഇൻസ്റ്റാളേഷനുകൾ നടത്തിയതെന്നും അവരുടെ ഇൻപുട്ടുകൾ അടിസ്ഥാനമാക്കി തന്ത്രപരമായ സ്ഥാനം കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിർത്തി സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, ബിഎസ്എഫുമായി ഏകോപിപ്പിച്ച് 500 ബോർഡർ ഹോം ഗാർഡുകളെ വിന്യസിച്ചുകൊണ്ട് പഞ്ചാബ് നിരീക്ഷണ ശ്രമങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്നുള്ള വിവരങ്ങൾ,സേഫ് പഞ്ചാബ് ഹെൽപ്പ് ലൈൻ, നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരമുള്ള ക്രിമിനൽ അന്വേഷണങ്ങൾ എന്നിവയിൽ നിന്ന് ശേഖരിച്ച രഹസ്യാന്വേഷണ വിവരങ്ങൾ ഉപയോഗിച്ച് വിതരണക്കാരെ കണ്ടെത്തി നിരീക്ഷിക്കാൻ എല്ലാ പൊലീസ് കമ്മീഷണർമാർക്കും സീനിയർ പൊലീസ് സൂപ്രണ്ടുമാർക്കും ഡിജിപി നിർദേശം നൽകി.















