നയ്പിഡാവ്: കഴിഞ്ഞ ദിവസം മ്യാന്മറിൽ ഉണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ മരണം 150 കടന്നു. 732 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത. അയൽരാജ്യമായ തായ്‌ലൻഡിലെ ബാങ്കോക്കിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. നിർമ്മിനത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നുവീണ് 10 ലധികം പേർ മരിച്ചു.
വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12 മണിയോടെയാണ് മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ഡലയ്‌ക്ക് സമീപം റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഏകദേശം 11 മിനിറ്റിനുശേഷം, റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ തുടർചലനവും ഉണ്ടായി. മ്യാൻമർ സജീവമായ ഭൂകമ്പ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്, ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലാണ് മിക്ക ഭൂകമ്പങ്ങളും ഉണ്ടാകുന്നത്. എന്നിരുന്നാലും, വെള്ളിയാഴ്ചത്തെ ഭൂകമ്പം നഗരപ്രദേശത്തായിരുന്നു. മരണസംഖ്യ 1,000 കവിയുമെന്ന് യുഎസ് ജിയോളജിക്കൽ സർവേ കണക്കാക്കുന്നു.
മ്യാൻമറിലെ സൈനിക ഭരണകൂട നേതാവ് ജനറൽ മിൻ ഓങ് ഹ്ലയിംഗ് കൂടുതൽ മരണങ്ങളും നാശനഷ്ടങ്ങളും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. രാജ്യങ്ങളോട് സഹായവും സംഭാവനകളും അഭ്യർത്ഥിച്ചു. അതേസമയം നയ്പിഡാവ്, മണ്ഡലേ, സാഗൈംഗ് എന്നിവിടങ്ങളിലെ ആശുപത്രികൾ പരിക്കേറ്റവരെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഐക്യരാഷ്‌ട്ര സഭ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി മ്യാന്മറിന് 5 മില്യൺ ഡോളർ അനുവദിച്ചു. മ്യാൻമറിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും തന്റെ ഭരണകൂടം സഹായം നൽകുമെന്ന് സ്ഥിരീകരിച്ചതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ഭക്ഷണം, വാട്ടർ പ്യൂരിഫയറുകൾ, ശുചിത്വ കിറ്റുകൾ, അവശ്യ മരുന്നുകൾ എന്നിവയുൾപ്പെടെ 15 ടണ്ണിലധികം ദുരിതാശ്വാസ വസ്തുക്കൾ ഇന്ത്യ മ്യാൻമറിലേക്ക് അയയ്‌ക്കും. ഹിൻഡോൺ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ വിമാനത്തിലായിരിക്കും സഹായം എത്തിക്കുക.















