പാലക്കാട്: ചിറ്റൂരിൽ നായയുടെ ആക്രമണം ഭയന്ന് കുളത്തിൽ ചാടിയ ചെറുമകളെ രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്ക് ദാരുണാന്ത്യം. വണ്ടിത്താവളം വടതോട് സ്വദേശി നബീസയാണ് (55 )മരിച്ചത്. ചെറുമകൾ ഷിഫാന ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞദിവസമാണ് സംഭവം. മുത്തശ്ശി നബീസയ്‌ക്കൊപ്പം ആടിനെ മേയ്‌ക്കാൻ എത്തിയതായിരുന്നു ചെറുമകൾ. അപ്രതീക്ഷിതമായി പെൺകുട്ടിയുടെ നേർക്ക് സമീപത്ത് നിന്ന തെരുവുനായ ഓടിയടുക്കുകയായിരുന്നു. ഇത് കണ്ട് പേടിച്ച കുട്ടി പെട്ടന്ന് തൊട്ടടുത്ത കുളത്തിലേക്ക് എടുത്തചാടി. കുട്ടിയെ രക്ഷിക്കാനായി മുത്തശ്ശിയും കുളത്തിലേക്ക് ചാടി.
ബഹളം കേട്ടെത്തിയ പഞ്ചായത്ത് പ്രസിഡന്റാണ് പെൺകുട്ടിയെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചത്. മുത്തശ്ശിയേയും നാട്ടുകാരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നബീസയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.















