തിരുവനന്തപുരം: എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അധിക്ഷേപകരമായ രീതിയിലാണ് സിനിമ ചിത്രീകരിച്ചത് എന്ന കാര്യം റിലീസിന് ശേഷമാണ് മനസിലായത്. അതുകൊണ്ടാണ് എമ്പുരാൻ കാണണെന്ന് ആഗ്രഹിച്ചിരുന്ന ഞാൻ ആ തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോയതെന്നും അത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ലൂസിഫർ കണ്ട് ഇഷ്ടപ്പെട്ട സാധാരണക്കാരനാണ് താൻ. സിനിമയെ സിനിമയായി കാണണമെന്ന് തന്നെയാണ് ഇപ്പോഴത്തെയും നിലപാട്. സിനിമയെ ചരിത്രമായി കാണരുത്. ചരിത്രത്തെ വളച്ചൊടിക്കുന്ന ചിത്രങ്ങൾ പരാജയപ്പെടുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകൾ..
എന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കുന്ന കുറിപ്പുകൾ വ്യക്തിപരമായ അഭിപ്രായങ്ങൾ കൂടിയാണ്. ലൂസിഫർ എന്ന സിനിമ ആസ്വദിച്ച സാധാരണക്കാരനാണ് ഞാൻ. സ്വാഭാവികമായും ലൂസിഫറിന്റെ സീക്വലായ എമ്പുരാൻ കാണണമെന്ന് കരുതിയിരുന്നു. ഇന്ന് സിനിമയുടെ നിർമാതാക്കൾ തന്നെയാണ് ആ സിനിമയിൽ തിരുത്തലുകൾ വരുത്തി ചില ഭാഗങ്ങൾ വെട്ടിക്കളഞ്ഞ് വീണ്ടും സെൻസർ ചെയ്യാൻ പോകുന്നത്. ഇതെല്ലാം സിനിമാ നിർമാതാക്കൾ തന്നെ പറയുന്ന കാര്യങ്ങളാണ്. അതായത്, സിനിമയിൽ ചില അധിക്ഷേപകരമായ സംഭവങ്ങളുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. അതുകൊണ്ടാണല്ലോ അവർ തന്നെ അത് തിരുത്തുന്നത്. അല്ലാതെ സിനിമയിലെ ഭാഗങ്ങൾ കട്ട് ചെയ്യണമെന്ന് ഞാനോ ബിജെപി നേതൃത്വമോ ആവശ്യപ്പെട്ടിട്ടില്ല. സിനിമ കണ്ട പല പ്രേക്ഷകരും മോഹൻലാൽ ആരാധകരും എന്നോട് പറഞ്ഞത് സിനിമയിൽ അധിക്ഷേപകരമായ കാര്യങ്ങളുണ്ടെന്നാണ്.
ഞാൻ അന്നു പറഞ്ഞതും എംടി രമേഷ് വ്യക്തമാക്കിയതും, ഞാൻ ഇന്നു പറയുന്നതും ഒന്നുതന്നെയാണ്. സിനിമയെ ‘സിനിമയായി’ കാണണം. സിനിമയെ ‘ചരിത്രമായി’ കാണരുത്. ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമകൾ തകരുന്നത് സ്വാഭാവികമാണ്. അക്കാര്യമാണ് ഞാൻ സൂചിപ്പിച്ചത്. എമ്പുരാൻ സിനിമ കാണാൻ ഇനി ഞാൻ ആഗ്രഹിക്കുന്നില്ല. അത് എന്റെ വ്യക്തിപരമായ അഭിപ്രായവും താത്പര്യവുമാണ്. കാണുന്നവർക്ക് കാണാം, അതവരുടെ കാര്യം. ഞാൻ കാണാൻ പോകുന്നില്ല. – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.