കൊല്ലത്ത് അംഗപരിമിതയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. സിപിഎം ചാത്തന്നൂർ കുടുക്കറ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന യശോധരൻ ആണ് അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇന്നലെ ഉച്ചയോടെ ചാത്തന്നൂരിലാണ് സംഭവം. ഓട്ടോറിക്ഷയിൽ പ്രദേശത്ത് എത്തിയ 56 കാരനായ യശോധരൻ മദ്യലഹരിയിൽ പെൺകുട്ടി മാത്രമുള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറി. വീട്ടുജോലികൾ ചെയ്തുകൊണ്ടിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടാണ് പ്രദേശവാസികൾ ഓടിക്കൂടിയത്. അംഗപരിമിതയായ പെൺകുട്ടിയെ ഇയാൾ തറയിൽ തള്ളിയിട്ടിരുന്നു. ആളുകൾ എത്തിയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി.
തുടർന്ന് ചാത്തന്നൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പെൺകുട്ടിയുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി. സ്റ്റേഷനിൽ എത്തിച്ച പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു പ്രതിയായ യാശോദരൻ. ഇയാളെ സ്ഥാനത്തുനിന്ന് മാറ്റിയെന്നാണ് പാർട്ടിയുടെ വിശദീകരണം.