ഇന്ത്യയുടെ മെട്രോ സംവിധാനത്തെ പ്രശംസിച്ച് ജർമൻ വ്ലോഗർ. പശ്ചിമ യൂറോപ്പിലെ ഗതാഗത സംവിധാനത്തേക്കാൾ മികച്ചതാണ് ഇന്ത്യയിൽ ഉള്ളതെന്ന് അഭിപ്രായപ്പെടുന്ന വിദേശ വ്‌ളോഗറുടെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി മാറി. 70,000-ത്തിലധികം ഫോളോവേഴ്‌സുള്ള ജർമ്മൻ ട്രാവൽ വ്ലോഗർ അലക്സ് വെൽഡറാണ് വീഡിയോ പങ്കുവച്ചത്. ഡൽഹി, ആഗ്ര തുടങ്ങിയ നഗരങ്ങളിലെ മെട്രോ സംവിധാനങ്ങളുടെ കാര്യക്ഷമത, ശുചിത്വം, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചു.
ഇന്ത്യയിലേക്ക് വരുന്നതിനുമുൻപുള്ള തന്റെ ധാരണകളെ വന്നു കഴിഞ്ഞപ്പോഴുള്ള അനുഭവങ്ങൾ മാറ്റിമറിച്ചുവെന്നും വ്ലോഗർ വീഡിയോയിൽ പറയുന്നു. “ഇന്ത്യയിലേക്ക് വരുന്നതിനുമുമ്പ്, പഴയ ബസുകളും ട്രെയിനുകളും ടുക്ക്-ടുക്ക് ശബ്ദമുള്ള റിക്ഷകളുമൊക്കെയായിരുന്നു മനസിൽ. എന്നാൽ ഇത് രാജ്യത്തെ പൊതുഗതാഗതത്തെക്കുറിച്ചുള്ള എന്റെ സ്റ്റീരിയോടൈപ്പുകൾ പൊളിച്ചുമാറ്റിയിരിക്കുന്നു. ആഗ്ര, ഡൽഹി പോലുള്ള ഇന്ത്യയിലെ നഗരങ്ങളിൽ വളരെ മികച്ച മെട്രോ സംവിധാനമുണ്ടെന്ന് എനിക്കറിയില്ലായിരുന്നു,”വ്ലോഗർ പറഞ്ഞു.
സൗത്ത് ഡൽഹിയിൽ താമസിച്ച അലക്സ് കൂടുതൽ സമയവും മെട്രോയിൽ യാത്ര ചെയ്ത അനുഭവം വിവരിച്ചു. ദക്ഷിണ കൊറിയ, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിലേതിന് സമാനമായ സവിശേഷതകളാണ് ഡൽഹിയിലെ മെട്രോയ്‌ക്കുള്ളതെന്ന് അയാൾ ചൂണ്ടിക്കാട്ടി.”ഡൽഹിയിലെ ചില ലൈനുകളിൽ പ്ലാറ്റ്‌ഫോം സ്‌ക്രീൻ വാതിലുകൾ, നിങ്ങളുടെ ഫോൺ ചാർജ് ചെയ്യാൻ പ്ലഗുകൾ, സ്ത്രീകൾക്കും പ്രായമായവർക്കും പ്രത്യേക സീറ്റുകൾ എന്നിവയുണ്ട്. ഇതെല്ലാം ഞാൻ ദക്ഷിണ കൊറിയ, ജപ്പാൻ, ചൈന എന്നിവിടങ്ങളിൽ കണ്ടിട്ടുണ്ട്, പക്ഷേ സത്യസന്ധമായി പറഞ്ഞാൽ ഇന്ത്യയിൽ അത് ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല,” അദ്ദേഹം പറഞ്ഞു
മറ്റ് വിദേശ വിനോദസഞ്ചാരികളും വീഡിയോ സ്രഷ്ടാക്കളും ഇന്ത്യയുടെ ഈ വശം ലോകത്തിന് കാണിച്ചുകൊടുക്കാത്തതിൽ താൻ അത്ഭുതപ്പെട്ടുവെന്ന് അലക്സ് പറഞ്ഞു. ജർമ്മൻ വ്‌ളോഗറുടെ വീഡിയോ ഇതിനോടകം 3.8 ദശലക്ഷത്തിലധികം വ്യൂസും ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളും നേടി. കമന്റ് സെക്ഷനിലെത്തിയ ഭൂരിഭാഗവും പാശ്ചാത്യ ലോകത്തിന് ഇപ്പോഴും ഇന്ത്യയുടെ പുരോഗതിയെക്കുറിച്ച് ഒരു മങ്ങിയ കാഴ്ചപ്പാട് മാത്രമേയുള്ളൂവെന്ന് അഭിപ്രായപ്പെട്ടു.