ഞായറാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സിന് അവസാന ഓവറിൽ വേണ്ടിയിരുന്നത് 20 റൺസ്. ക്രീസിൽ എംഎസ് ധോണിയും രവീന്ദ്ര ജഡേജയും. വമ്പൻ ഷോട്ടിന് ശ്രമിച്ച് ധോണി ബാറ്റ് വീശിയെങ്കിലും പന്ത് ഷിമ്രോൺ ഹെറ്റ്മെയറിന്റെ കൈകളിൽ സുരക്ഷിതം. 11 പന്തിൽ നിന്ന് 16 റൺസ് നേടിയ ധോണി മടങ്ങി. ക്രീസിലുണ്ടായിരുന്ന ജഡേജയ്‌ക്ക് പിന്നീട് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ തുടർച്ചയായ രണ്ടാം മത്സരത്തിലും 6 റൺസിന് പരാജയപ്പെട്ടു.
മുൻ ക്രിക്കറ്റ് താരം വിരേന്ദർ സെവാഗിന്റെ നിരീക്ഷണങ്ങളാണ് ഇതിനുപിന്നാലെ ചർച്ചയാകുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചെന്നൈ സൂപ്പർ കിംഗ്സിന് 180 റൺസിൽ കൂടുതലുള്ള വിജയലക്ഷ്യം പിന്തുടരാൻ കഴിഞ്ഞിട്ടില്ല എന്ന വസ്തുത സേവാഗ് ചൂണ്ടിക്കാട്ടി. ഒരു ടീമിന് കളിയുടെ അവസാന ഘട്ടങ്ങളിൽ ഓവറിൽ 20 റൺസ് എന്ന നിരക്കിൽ സ്കോർ ചെയ്യാൻ കഴിഞ്ഞ സന്ദർഭങ്ങൾ വളരെ കുറവാണ്. ഐപിഎല്ലിൽ അങ്ങനെ ചെയ്ത ചുരുക്കം ചില കളിക്കാരിൽ ഒരാളാണ് ധോണി. എന്നാൽ സമീപകാലത്തൊന്നും പിന്നെ അത് ആവർത്തിച്ചിട്ടില്ലെന്നും സെവാഗ് പറഞ്ഞു.
ഐപിഎല്ലിൽ വലിയ ലക്ഷ്യങ്ങൾ പിന്തുടരുന്നതിൽ സിഎസ്‌കെ ദീർഘകാലമായി പിന്നോട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.”ഒന്നോ രണ്ടോ മത്സരങ്ങൾ മാത്രമേ മനസിൽ ഓർമ്മയുള്ളൂ. സമീപകാല മത്സരങ്ങളൊന്നും ഓർമ്മ വരുന്നില്ല. അഞ്ച് വർഷമായി സിഎസ്‌കെയ്‌ക്ക് 180 ൽ കൂടുതൽ സ്‌കോറുകൾ പിന്തുടരാൻ കഴിഞ്ഞിട്ടില്ല,” സെവാഗ് വിശദമാക്കി.
പതിനേഴാം ഓവർ തുടങ്ങുന്നതിന് മുൻപാണ് ധോണി ബാറ്റ് ചെയ്യാനിറങ്ങിയത് . അപ്പോഴേക്കും സിഎസ്കെയ്‌ക്ക് ക്യാപ്റ്റൻ ഋതുരാജിനെ നഷ്ടമായിരുന്നു. മഹേഷ് തീക്ഷണയുടെ പന്തുകൾ നേരിടാൻ ധോണി നന്നേ ബുദ്ധിമുട്ടി. വിക്കറ്റിന്റെ സ്വഭാവം മനസിലാക്കാൻ നിരവധി പന്തുകൾ പാഴാക്കേണ്ടിവന്നു. പിന്നീട് അദ്ദേഹം ഒരു സിക്‌സും ഫോറും അടിച്ചെങ്കിലും ചെന്നൈക്ക് ആവശ്യമായ റൺ റേറ്റിനൊപ്പമെത്താൻ കഴിഞ്ഞില്ലെന്നും സെവാഗ് ചൂണ്ടിക്കാട്ടി.