വാങ്കഡെയിൽ സംഹാര രൂപം പൂണ്ട മുംബൈ ഇന്ത്യൻസിന് മുന്നിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എരിഞ്ഞടങ്ങി. ആദ്യ ഇന്നിംഗ്സിൽ 16.2 ഓവറിൽ അവർ 116 റൺസിന് പുറത്തായി. മുംബൈയുടെ കണിശതയാർന്ന ബൗളിംഗിന് മുന്നിൽ ഒരാൾക്കും പിടിച്ചുനിൽക്കാനായില്ല. യുവതാരം അശ്വനി കുമാർ നാലു വിക്കറ്റ് പിഴുത് മുംബൈയുടെ നട്ടെല്ല് ഒടിച്ചു. ടോസ് നേടിയ ഹാർദിക് കൊൽക്കത്തയെ ബാറ്റിംഗിന് വിടുകയായിരുന്നു. സുനിൽ നരെയ്ന്റെ(0) കുറ്റി പിഴുത് ബോൾട്ടാണ് കൊൽക്കത്തയുടെ തകർച്ചയ്‌ക്ക് തുടക്കമിട്ടത്.
ഡി കോക്കിനെ (1) മടക്കി ചഹാറും തിളങ്ങിയതോടെ മുംബൈ നിലപാട് വ്യക്തമാക്കി. പിന്നീട് ഇടവേളകളിൽ വിക്കറ്റ് വീണതോടെ കൊൽക്കത്തയുടെ കണക്ക് കൂട്ടലുകൾ അപ്പാടെ തെറ്റി. പന്തെടുത്തവർക്കെല്ലാം വിക്കറ്റ് കിട്ടി. 16 പന്തിൽ 26 റൺസ് നേടിയ അൻഘ്രിഷ് രഘുവൻഷിയാണ് ടോപ് സ്കോറർ. 12 പന്തിൽ 22 റൺസ് നേടിയ രമൺ ദീപ് സിംഗാണ് കൊൽക്കത്തയെ നൂറ് കടത്തിയത്. ക്യാപ്റ്റൻ രഹാനെ 11 റൺസെടുത്ത് പുറത്തായി. ദീപക് ചഹാറിന് രണ്ടു വിക്കറ്റ് ലഭിച്ചപ്പോൾ. മലയാളി താരം വിഘ്നേഷ് പുത്തൂരിന് ഒരു വിക്കറ്റ് കിട്ടി. ഹാർദിക്, ബോൾട്ട്, മിച്ചൽ സാൻ്റ്നർ എന്നിവർക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു.















