തിരുവനന്തപുരം: കേരള സർവകലാശാലയിൽ എംബിഎ ഉത്തരക്കടലാസുകൾ നഷ്‌ടമായ സംഭവത്തിൽ വീണ്ടും പരീക്ഷാനടത്താൻ തീരുമാനം. വൈസ് ചാൻസലർ വിളിച്ച ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. വീഴ്ച വരുത്തിയ അദ്ധ്യാപകനെ പരീക്ഷ നടത്തിപ്പിൽ നിന്നും പൂർണമായി മാറ്റി നിർത്താനും തീരുമാനിച്ചതായി സിൻഡിക്കേറ്റ് ഉപസമിതിയംഗങ്ങൾ പറഞ്ഞു.
ഏപ്രിൽ ഏഴിനാണ് പുനഃപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. അതേസമയം പുനഃപരീക്ഷ നടത്തുന്നതിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധത്തിലാണ്. ശരാശരി മാർക്ക് നൽകി വിജയിപ്പിക്കണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. എന്നാൽ ഇത് കണക്കിലെടുക്കാതെയാണ് സർവകലാശാല പുനഃപരീക്ഷ നടത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോകുന്നത്. നേരത്തെ യോഗം നടന്ന വിസിയുടെ ഹാളിന് മുന്നിൽ എബിവിപി പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു.
2022-2024 ബാച്ച് എംബിഎ വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസാണ് നഷ്ടപ്പെട്ടത്. ബൈക്കിൽ പോകുമ്പോൾ ഉത്തരക്കടലാസുകൾ നഷ്ടമായെന്നാണ് മൂല്യനിർണയം നടത്തിയ അദ്ധ്യാപകന്റെ വിശദീകരണം. ഗുരുതര വീഴ്ച മൂടിവച്ച സർവ്വകലാശാല സംഭവം വിവാദമായതോടെയാണ് അദ്ധ്യാപകനെതിരെ നടപടി സ്വീകരിച്ചത്.