ബിസിസിഐയുടെ വാർഷിക കരാർ പ്രഖ്യാപിക്കാനിരിക്കെ പട്ടികയിൽ ആരൊക്കെ ഉൾപ്പെടുമെന്ന സംശയത്തിലാണ് ആരാധകർ. ടി20യിൽ നിന്ന് വിരമിച്ച കോലിയെയും ജഡേജയെയും രോഹിത്തിനെയും തരം താഴ്‌ത്തുമോ നിലനിർത്തുമോ എന്ന സംശയങ്ങളും തുടരുന്നു. അതേസമയം ചാമ്പ്യൻസ് ട്രോഫിയിലെ മികച്ച പ്രകടനം ശ്രേയസ് അയ്യറിന് വീണ്ടും കരാറിലേക്ക് വഴി തുറക്കും.
ബിസിസിഐയോട് ഇടഞ്ഞ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ തുടർന്നും കരാറിന് പുറത്ത് തന്നെയായിരിക്കും. താരം അടുത്ത കാലത്തൊന്നും ദേശീയ ടീമിലേക്കും പരിഗണിക്കപ്പെട്ടേക്കില്ല. ടി20 ലോകകപ്പിൽ നിർണായക പ്രകടനം നടത്തിയ അക്സർ പട്ടേലിന് കരാറിൽ സ്ഥാന കയറ്റം നൽകിയേക്കും.
വരുൺ ചക്രവർത്തി, നിതീഷ് കുമാർ റെഡ്ഡി, അഭിഷേക് ശർമ എന്നിവർക്ക് ആദ്യമായി കരാർ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം മലയാളി താരം സഞ്ജു സാംസണെ കരാറിൽ നിലനിർത്തിയേക്കും. താരം സി വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയ എന്നിവരുടെ മീറ്റിംഗ് ഉടനെ നടക്കും. ഇതിന് ശേഷമായിരിക്കും അന്തിമ തീരുമാനങ്ങളുണ്ടാകുക.















