കാമുകനോട് സല്ലപിക്കാൻ ഐഫോൺ വാങ്ങി നൽകാത്തതിന് 18കാരി കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചു. ബിഹാറിലെ മുംഗറിലാണ് സംഭവം. ഒന്നര ലക്ഷം വിലമതിക്കുന്ന ആപ്പിൾ ഐഫോൺ ആണ് യുവതി ചോദിച്ചത്. കൈത്തണ്ടയ്‌ക്കൊപ്പം ശരീരത്തിലെ മറ്റു ഭാഗങ്ങളിലും മുറിവേൽപ്പിച്ചു. “എനിക്കൊരു ആപ്പിൾ ഐഫോൺ വേണം. അല്ലാതെ എനിക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ല. ഇതൊരു ചെറിയ ഫോൺ പ്രശ്നം”.—എന്നായിരുന്നു യുവതി ആത്മഹത്യ ശ്രമത്തിന് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞത്. മൂന്നുമാസമായി ഐഫോണിന് വേണ്ടി മാതാവിനെ ശല്യം ചെയ്യുകയാണ് 18-കാരി.
താൻ കാമുകനൊപ്പം ഒളിച്ചോടിയെന്നും വിവാഹം ചെയ്തെന്നും പറയുന്ന യുവതി വീട്ടുകാർക്ക് നിരന്തര ശല്യമാണ്. സാമ്പത്തിക പരാധീനതകളെ തുടർന്ന് ഇവരുടെ ആവശ്യം വീട്ടുകാർ നിരസിച്ചു. തുടർന്ന് മുറിയിൽ കയറി വാതിൽ പൂട്ടി ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. പിന്നീട് ഇവരെ ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുത്തി. കുടുംബത്തിന് ഇത്തരം ഫോണുകൾ വാങ്ങാനുള്ള സാമ്പത്തിക നിലയില്ലെന്നും മാതാവ് പറഞ്ഞു. ഇനിയും ഇതുപോലുള്ള കാര്യങ്ങൾ ചെയ്യില്ലെന്ന് മകൾ ഉറപ്പ് നൽകിയെന്നും അവർ പറഞ്ഞു. യുവതിയുടെ മുറിവുകൾ ഗുരുതരമല്ലെന്ന് ഡോക്ടർ പറഞ്ഞു.