ഇന്ത്യൻ വനിത ഹോക്കിയിലെ ഇതിഹാസ താരം വന്ദന കതാരിയ വിരമിക്കൽ പ്രഖ്യാപിച്ചു. 15 വർഷമായി ഇന്ത്യൻ മുന്നേറ്റ നിരയിലെ പകരം വയ്ക്കാനില്ലാത്ത താരമായിരുന്നു വന്ദന ഇന്ത്യക്കായി ഏറ്റവും കൂടുതൽ മത്സരം കളിച്ച വനിതാ താരവുമാണ്. 320 തവണ ഇന്ത്യൻ കുപ്പായം അണിഞ്ഞ താരം 158 തവണ എതിർവല കുലക്കി. 32-കാരി സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. സഹതാരങ്ങൾക്കും പരിശീലകർക്കും ആരാധകർക്കും നന്ദി പറഞ്ഞുകൊണ്ട് ഒരു വൈകാരിക കുറിപ്പാണ് അവർ പങ്കുവച്ചിരിക്കുന്നത്. എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്നും വാക്കിലും ചിന്തയിലും ഈ നിമിഷം വെറും ശുന്യതയാണ് അനുഭവപ്പെടുന്നതെന്നും അവർ വ്യക്തമാക്കി.
2016,23 എന്നീ വർഷങ്ങളിൽ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലും 2022 നേഷൻസ് കപ്പിലും ഇന്ത്യക്കായി സ്വർണം. 2018 ഏഷ്യൻ ഗെയിംസിലും 2013, 2018 ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലും വെള്ളി. 2022 കോമൺവെൽത്ത് ഗെയിംസിലും 2014, 2022 ഏഷ്യൻ ഗെയിംസിലും വെങ്കലം, ടോക്കിയോ ഒളിമ്പിക്സിൽ ചരിത്രപരമായ നാലാം സ്ഥാനം നേടിയതിന് പുറമേ, അവർക്ക് അർജുന അവാർഡും (2021) പത്മശ്രീയും (2022) ലഭിച്ചു, 2014 ൽ ഹോക്കി ഇന്ത്യ പ്ലെയർ ഓഫ് ദി ഇയർ, ഫോർവേഡ് ഓഫ് ദി ഇയർ (2021, 2022) എന്നിവയായി തിരഞ്ഞെടുക്കപ്പെട്ടു. 2013 ൽ ഇന്ത്യൻ വനിതകൾ ആദ്യമായി ജൂനിയർ വേൾഡ് കപ്പിൽ മെഡൽ(വെങ്കലം) നേടിയപ്പോൾ വന്ദനയായിരുന്നു ടീമിന്റെ ടോപ് സ്കോറർ. അവിടുന്നാണ് ഇതിഹാസത്തിലേക്കുള്ള യാത്ര വന്ദന ആരംഭിക്കുന്നത്.















