മോഹൻലാൽ നായകനായ ഒപ്പം സിനിമക്കെതിരെ പരാതി നൽകിയ യുവതിക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. അനുവാദമില്ലാതെ തന്റെ ഫോട്ടോ സിനിമയിൽ ഉപയോഗിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. ചാലക്കുടി മുൻസീഫ് കോടതിയുടേതാണ് നടപടി. 2017-ലാണ് കൊടുങ്ങല്ലൂർ അസ്മാബി കോളേജ് അദ്ധ്യാപിക ഫ്രിൻസി ഫ്രാൻസിസ് പരാതിയുമായി കോടതിയെ സമീപിച്ചത്.
ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്ന നിലയിലാണ് പ്രിൻസിയുടെ ചിത്രം സിനിമയിൽ ഉൾപ്പെടുത്തിയത്. അനുവാദമില്ലാതെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ അദ്ധ്യാപികയുടെ ചിത്രം ഉപയോഗിച്ചതിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി നിർദേശിച്ചു.
പ്രിയദർശൻ സംവിധാനം ചെയ്ത് ആന്റണി പെരുമ്പാവൂർ നിർമിച്ച സിനിമയാണ് ഒപ്പം. സിനിമയുടെ 29-ാംമത്തെ മിനിറ്റിലാണ് അദ്ധ്യാപികയുടെ ചിത്രം കാണിക്കുന്നത്. തന്റെ ചിത്രം അനുവാദമില്ലാതെ വ്ലോഗിൽ നിന്നെടുക്കുകയായിരുന്നെന്ന് അദ്ധ്യാപിക ആരോപിച്ചു. സിനിമ കണ്ടതിന് ശേഷം തനിക്ക് മാനസിക വിഷമം ഉണ്ടായതായി യുവതി പറയുന്നു.
ആന്റണി പെരുമ്പാവൂർ, പ്രിയദർശൻ, അസിസ്റ്റന്റ് ഡയറക്ടർ മോഹൻദാസ് എന്നിവരെയാണ് കേസിൽ കക്ഷിചേർത്തിരിക്കുന്നത്. എന്നാൽ ഫോട്ടോ അദ്ധ്യാപികയുടേത് അല്ലെന്നാണ് അണിയറക്കാരുടെ വാദം.