ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ നിന്ന് ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചതോടെ രാജസ്ഥാന്റെ നായക സ്ഥാനത്തേക്ക് തിരിച്ചുവരാനൊരുങ്ങി സഞ്ജു സാംസൺ. സീസണിലെ വരാനിരിക്കുന്ന മത്സരങ്ങളിൽ വിക്കറ്റ് കീപ്പറായും ക്യാപ്റ്റനായും കളിക്കാൻ ഒരുങ്ങുകയാണ് താരം.
ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിനിടെ വിരലിന് പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയയ്‌ക്ക് വിധേയനായ സഞ്ജുവിന് 2025 ഐപിഎൽ സീസണിൽ കളിക്കാൻ നിയന്ത്രണങ്ങളോടെയുള്ള അനുമതി മാത്രമേ ലഭിച്ചിരുന്നുള്ളു. ആദ്യ മൂന്ന് മത്സരങ്ങളിൽ സ്പെഷ്യലിസ്റ്റ് ബാറ്ററായാണ് താരം ഗ്രൗണ്ടിലിറങ്ങിയത്. സഞ്ജുവിന്റെ അഭാവത്തിൽ രാജസ്ഥാൻ റോയൽസിന്റെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റനായി റിയാൻ പരാഗ് ചുമതലയേറ്റപ്പോൾ, ധ്രുവ് ജൂറൽ വിക്കറ്റ് കീപ്പറായി.
തുടർതോൽവികളിൽ വലഞ്ഞുനിൽക്കുന്നടീമിന് സഞ്ജുവിന്റെ മടങ്ങിവരവ് വലിയ പ്രതീക്ഷയാണ് നൽകുന്നത്. രാജസ്ഥാന്റെ അടുത്ത മത്സരം മികച്ച ഫോമിലുള്ള പഞ്ചാബ് കിങ്സുമായാണ്. ഇതുവരെ ടൂർണമെന്റില്‍ തോല്‍വിയറിയാത്ത പഞ്ചാബിനെ നേരിടാനിറങ്ങുമ്പോള്‍ സഞ്ജുവിന്റെ സാന്നിധ്യം രാജസ്ഥാന്റെ ആത്മവിശ്വാസം വർധിപ്പിക്കും. 2013 ൽ രാജസ്ഥാൻ റോയൽസിലൂടെയാണ് സാംസൺ തന്റെ ഐപിഎൽ യാത്ര ആരംഭിച്ചത്. രണ്ട് സീസണുകൾ ഡൽഹി ക്യാപിറ്റൽസിനായി (2016-2017) കളിച്ചു. പിന്നീട് അദ്ദേഹം രാജസ്ഥാനിലേക്ക് മടങ്ങി. 2021 മുതൽ സഞ്ജുവാണ് രാജസ്ഥാനെ നയിക്കുന്നത്.















