ബെംഗളൂരു: ഗുജറാത്ത് ടൈറ്റൻസ് -ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സ് മത്സരത്തിനിടെ വിരാട് കോലിക്ക് പരിക്ക്. ഫീൽഡിങ്ങിനിടെയാണ് താരത്തിന്റെ വിരലിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണോ അല്ലയോ എന്നുള്ള കാര്യങ്ങൾ വ്യക്തമായിരുന്നില്ല. ഇത് ആർസിബി ആരാധകരെയും ആശങ്കയിലാഴ്‌ത്തിയിരുന്നു. എന്നാലിപ്പോൾ താരത്തിന്റെ പരിക്കിനെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ പങ്കുവച്ചിരിക്കുകയാണ് ആർസിബി പരിശീലകൻ ആൻഡി ഫ്ലവർ.
പരിക്ക് സാരമുള്ളതല്ലെന്നാണ് പരിശീലകൻ നൽകുന്ന സൂചന. “വിരാട് ആരോഗ്യവാനാണ്. അദ്ദേഹത്തിന് കുഴപ്പങ്ങളൊന്നുമില്ല,” മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ഫ്ലവർ പറഞ്ഞു. കഴിഞ്ഞ ദിവസം ആർസിബിയുടെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് കോലിക്ക് പരിക്കേൽക്കുന്നത്. ക്രുണാൽ പാണ്ഡ്യയുടെ ഓവറിലെ അഞ്ചാം പന്ത് ഗുജറാത്ത് ബാറ്റർ സായ് സുദർശൻ സ്വീപ്പ് ഷോട്ടിലൂടെ ബൗണ്ടറിയിലേക്ക് പായിച്ചു. ഡീപ് മിഡ് വിക്കറ്റിൽ നിലയുറപ്പിച്ചിരുന്ന വിരാട് കോലിക്ക് പന്ത് ബൗണ്ടറിയിലേക്ക് പോകാതെ തട്ടി മാറ്റുന്നതിനിടെ കൈവിരലിന് പരിക്കേൽക്കുകയായിരുന്നു. കോലിയുടെ കൈകൾക്കിടയിലൂടെ പന്ത് ബൗണ്ടറി ലൈൻ കടക്കുകയും ചെയ്തു.
മത്സരത്തിൽ ആർസിബി ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം ജോസ് ബട്‌ലറുടെയും സായ് സുദര്‍ശന്‍റെയും ബാറ്റിംഗ് മികവില്‍ ഗുജറാത്ത് അനായാസം മറികടന്നു. 39 പന്തില്‍ 73 റണ്‍സുമായി പുറത്താകാതെ നിന്ന ബട്‌ലറാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി തുടക്കത്തില്‍ തകര്‍ന്നടിഞ്ഞെങ്കിലും ലിയാം ജിതേഷ് ശര്‍മയുടെയും ലിവിംഗ്സ്റ്റണിന്‍റെയും ടിം ഡേവിഡിന്‍റെയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സടിച്ചു. ഗുജറാത്തിനായി മുഹമ്മസ് സിറാജ് മൂന്നും സായ് കിഷോർ രണ്ടും വിക്കറ്റ് വീതം വീഴ്‌ത്തി.















