സൗദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം. വിനോദ സഞ്ചാര കേന്ദ്രമായ അൽ ഉലയ്‌ക്ക് സമീപമുണ്ടായ അപകടത്തിൽ വയനാട് സ്വദേശികളാണ് മരിച്ചത്. നടവയൽ സ്വദേശിയായ ടീന ബൈജുവും(26) അമ്പലവയൽ സ്വദേശിയായ അഖിൽ അലക്സുമാണ്(27) മരിച്ചത്. രണ്ടുമാസത്തിന് ശേഷം ഇവരുടെ വിവാഹം നടക്കാനിരിക്കെയാണ് ദുരന്തമുണ്ടായത്.ഇന്നലെ വൈകിട്ട് പ്രാദേശിക സമയം നാലരയോടെയാണ് അപകടമുണ്ടായത്.
ഇവർ സഞ്ചരിച്ച വാഹനം എതിർദിശയിൽ നിന്നും വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സൗദി പൗരനാണ് ഈ വാഹനം ഓടിച്ചിരുന്നത്. കൂട്ടിയിടിച്ചതിന് പിന്നാലെ കാറിന് തീപിടിക്കുകയായിരുന്നു. മരിച്ച യുവാവിന്റെയും യുവതിയുടെയും മൃതദേഹം കത്തിച്ചാമ്പലായെന്നാണ് സൂചന.
രണ്ടുവർഷമായി സൗദി മദീനയിലെ കാർഡിയാക് സെൻ്ററിൽ നഴ്സായി ജോലി ചെയ്യുകയാണ് ടീന. യുകെയിൽ എൻജിനിയറാണ് അഖിൽ. ജൂൺ 16നായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. നാലുമാസം മുൻപാണ് ടീന നാട്ടിലെത്തിയത്. സൗദിയിലെ ജോലി രാജിവച്ച് വിവാഹ ശേഷം അഖിലിനൊപ്പം യുകെയ്‌ക്ക് പോകാനായിരുന്നു തീരുമാനം.