മുംബൈയുടെ 17 കാരനായ ഓപ്പണർ ആയുഷ് മാത്രെയെ മിഡ്-സീസൺ ട്രയൽസിലേക്ക് വിളിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ്. ടീം തുടർ തോൽവികളിലും മുതിർന്ന താരങ്ങളുടെ ഫോമില്ലായ്മയിലും വലയുന്ന സാഹചര്യത്തിലാണ് മാനേജ്മെന്റിന്റെ തീരുമാനം. ടീമിലാർക്കും പരിക്കുകളോ മാറ്റ് പ്രശനങ്ങളോ ഇല്ലെന്നും ട്രയൽസിനാണ് ആയുഷിന്റെ വിളിച്ചതെന്നുമാണ് സിഎസ്‌കെ സിഇഒ കാസി വിശ്വനാഥിന്റെ പ്രതികരണം.
കഴിഞ്ഞ വർഷം ജിദ്ദയിൽ നടന്ന ഐപിഎൽ 2025 മെഗാ ലേലത്തിൽ ആയുഷിനെ ഒരു ടീമിലേക്കും എടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ പരിക്കോ കളിക്കാരന്റെ ലഭ്യതക്കുറവോ ഉണ്ടായാൽ പകരക്കാരനായി മാത്രമേ യുവതാരത്തിന് സിഎസ്‌കെ ടീമിനായി കളിയ്‌ക്കാൻ കഴിയുകയുള്ളു. കഴിഞ്ഞ വർഷം നവംബറിൽ നടന്ന ട്രയൽസിലും ആയുഷിനെ സിഎസ്കെ സ്‌കൗട്ട് ടീം വിളിച്ചിരുന്നു. ആഭ്യന്തരക്രിക്കറ്റിൽ 2024 -25 സീസണിൽ മുംബൈയ്‌ക്കായി ബാറ്റ് വീശിയ താരം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വിജയ് ഹസാരെ ട്രോഫിയിൽ ഏഴ് മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറിയും ഒരു അർദ്ധസെഞ്ച്വറിയും ഉൾപ്പെടെ 458 റൺസും രഞ്ജി ട്രോഫിയിൽ എട്ട് മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറിയും ഒരു അർദ്ധസെഞ്ച്വറിയും ഉൾപ്പെടെ 471 റൺസും താരം നേടി.
ഈ ഐപിഎൽ സീസണിൽ ചെന്നൈക്ക് ഇതുവരെ ശക്തമായ അടിത്തറ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ തോറ്റ ടീം നിലവിൽ രണ്ടുപോയിന്റുമായി പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ബാറ്റിംഗിലെ ടോപ് ഓർഡർ മികച്ചതാണെങ്കിലും ബൗളർമാരിൽ നൂർ അഹമ്മദ് ഒഴികെ മറ്റാരും സ്ഥിരത പുലർത്തിയിട്ടില്ല. ഏപ്രിൽ അഞ്ചിന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.















