ടി20 ക്ക് പിന്നാലെ ഏകദിന പരമ്പരയും തോറ്റ് തുന്നംപാടിയ പാകിസ്താൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പാക് താരം ബാസിത് അലി. രണ്ടാം ഏകദിനത്തിലും മോശം പ്രകടനം പുറത്തെടുത്ത മുഹമ്മദ് റിസ്വാന്റെ ക്യാപ്റ്റൻസിയെയും താരം ചോദ്യം ചെയ്തു. ഇനി മൂന്നാം ഏകദിനം കളിക്കുന്നതിൽ എന്താണ് അർത്ഥമെന്നും ന്യൂസിലൻഡിനെ വിജയികളായി പ്രഖ്യാപിച്ച് പാക് ടീം തിരികെവരുന്നതാണ് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു
അന്താരാഷ്‌ട്ര ക്രിക്കറ്റിൽ പാകിസ്താന്റെ കഷ്ടകാലം തുടരുകയാണ്. രണ്ടാം ഏകദിനത്തിൽ ചീട്ടുകൊട്ടാരം പോലെ തകർന്നടിച്ച പാകിസ്താന്റെ ടോപ് ഓർഡറിനെതിരെ ബാസിത് അലി ആഞ്ഞടിച്ചു.
“തയ്യബ് താഹിർ ഒഴികെ ഒന്നുമുതൽ ആറുവരെയുള്ള ‘ബ്രാഡ്മാൻമാർ’ ഒറ്റ അക്കത്തിലാണ് പോയത്. മൂന്നാം മത്സരം കളിക്കുന്നതിനുപകരം പാകിസ്താൻ ന്യൂസിലൻഡിനോട് നിങ്ങൾ ജയിച്ചു , അതുകൊണ്ട് ഞങ്ങൾ വീട്ടിലേക്ക് മടങ്ങുന്നുവെന്ന് പറയണം. ഇത് ന്യൂസിലൻഡിന്റെ ‘സി’ ടീമാണ്. ഞാൻ അത്ഭുതപ്പെട്ടു, പാകിസ്താൻ 200 ലധികം റൺസ് സ്കോർ ചെയ്യരുതായിരുന്നു. നമ്മൾ 140-ൽ പാക്ക് ചെയ്യണമായിരുന്നു,” തന്റെ യൂട്യൂബ് ചാനലിലൂടെ ബാസിത് പരിഹസിച്ചു.
രണ്ടാം ഏകദിനത്തിൽ ബൗളർമാർ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 65/6 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ബാബർ അസം (1), അബ്ദുള്ള ഷഫീഖ് (1), സൽമാൻ ആഘ (9), മുഹമ്മദ് റിസ്വാൻ (5), ഇമാം-ഉൽ-ഹഖ് (3) എന്നിവരാണ് ക്രീസിൽ നിലയുറപ്പിക്കുന്നതിനു മുന്നേ മടങ്ങിയത്. ഫഹീം അഷ്‌റഫിന്റെയും (73) നസീം ഷായുടെയും (51) ഇന്നിങ്‌സുകൾ മാത്രമാണ് അവർക്ക് ആശ്വസിക്കാൻ വക നൽകിയത്. എന്നിരുന്നാലും 293 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താന് 208 റൺസിന് ആൾഔട്ടായി.