നോയിഡ: വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയെ തലയ്‌ക്കടിച്ച് കൊന്ന് യുവാവ്. 55-കാരനായ നൂറുള്ള ഹൈദറാണ് ഭാര്യ അസ്മ ഖാനെ (42) ചുറ്റികയ്‌ക്കടിച്ച് കൊലപ്പെടുത്തിയത്. നോയിഡ സെക്ടർ 15 ഏരിയയിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.
സോഫ്റ്റ്വെയർ എഞ്ചിനീയറായിരുന്നു അസ്മ. നോയ്ഡയിലെ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ജാമിയ മിലിയ ഇസ്ലാമിയയിലെ ഗ് ബിരുദധാരിയായ അസ്മ നേരത്തെ ഡൽഹിയിലായിരുന്നു താമസം. ബിഹാർ സ്വദേശിയായ ഭർത്താവ് നൂറുള്ളയും എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. നിലവിൽ തൊഴിൽരഹിതനാണ് ഇയാൾ.
2005-ലായിരുന്നു അസ്മയും നൂറുള്ളയും വിവാഹം കഴിച്ചത്. ഇവർക്ക് രണ്ട് മക്കളുണ്ട്. മൂത്തമകൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും ഇളയമകൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമാണ്.
കഴിഞ്ഞ ദിവസം അസ്മയും നൂറുള്ളയും വഴക്കിട്ടിരുന്നു. അസ്മയ്‌ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു തർക്കം. ഇതിനിടെ പ്രകോപിതനായ ഭർത്താവ് കയ്യിൽ കിട്ടിയ ചുറ്റികയെടുത്ത് അസ്മയുടെ തലയ്‌ക്കടിക്കുകയായിരുന്നു. ഇതുകണ്ട് ഓടിവന്ന മക്കളാണ് എമർജൻസി നമ്പറായ 112ൽ വിളിച്ച് പൊലീസിനെ വിവരമറിയിച്ചത്.
തൊട്ടുപിന്നാലെ പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. നൂറുള്ളയെ കസ്റ്റഡിയിലെടുക്കുകയും അസ്മയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കൊണ്ടുപോവുകയും ചെയ്തു.