തെലങ്കാനയിൽ ഗർഭിണിയായ ഭാര്യയെ സിമൻ്റ് കട്ടകൊണ്ട് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്. ഇതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. 22 കാരിയായ ഷബാന പർവീൺ ആണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. തെലങ്കാനയിലെ റെങ്ക റെഡ്ഡി ജില്ലയിലാണ് നടക്കുന്ന സംഭവം. ഭർത്താവായ 32-കാരൻ മുഹമ്മദ് ബസ്രത്ത് ആണ് പ്രതി. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആക്രമണം എന്നാണ് സൂചന.
നടുറോഡിലിട്ടാണ് യുവതിയെ ഇയാൾ ക്രൂരമായി ആക്രമിച്ചത്. റോഡിൽ നിന്ന് ഷബാനയെ പിന്നിൽ നിന്ന് ചവിട്ടി വീഴ്‌ത്തിയ ഇയാൾ നിലത്ത് കിടന്ന സിമന്റ് കട്ടകൾ എടുത്ത് യുവതിയുടെ തലയ്‌ക്ക് ഇടിക്കുകയായിരുന്നു. നിരവധി തവണ ഇയാൾ കട്ട യുവതിയുടെ തലയിൽ ഇട്ടു.
അതേസമയം ആരും ഇതിൽ ഇടപെടുകയോ യുവതിയെ രക്ഷിക്കാനോ ശ്രമിച്ചില്ല. കൊണ്ടപൂരിലെ ഹൈവേയിലാണ് സംഭവം. ആക്രമണത്തിന് ശേഷം മുഹമ്മദ് ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.