എറണാകുളം: കൂത്തുപറമ്പിൽ ബിജെപി പ്രവർത്തകനായ പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ പത്ത് സിപിഎം പ്രവർത്തകരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. തലശേരി അഡീഷണൽ സെഷൻസ് കോടതിയുടെ വിധിയാണ് കോടതി ശരിവച്ചത്. കോടതി വിധിക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി.
കൂത്തുപറമ്പ് നഗരസഭാംഗം മനോഹരൻ, സിപിഎം ലോക്കൽ സെക്രട്ടറി നാനോൻ പവിത്രൻ, ദിനേശൻ, പവിത്രൻ, ധനേഷ്, വിപിൻ, സുരേഷ് ബാബു, റിജു, ഷവിൽ, ശശി എന്നിവരെയാണ് കോടതി ശിക്ഷിച്ചിരുന്നത്. കേസിലെ ഒന്നാം പ്രതിയായ സിപിഎം ലോക്കൽ സെക്രട്ടറിയായിരുന്ന ബാലകൃഷ്ണൻ വിചാരണക്കിടെ മരിച്ചിരുന്നു.
2007-ലായിരുന്നു കൊലപാതകം. പ്രമോദിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് പ്രകാശിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുവരും ജോലിക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വടിവാളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് സിപിഎം പ്രവർത്തകർ ഇരുവരെയും ആക്രമിക്കുകയായിരുന്നു.