മലപ്പുറം: വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി സിറാജുദ്ദീന്റെ സുഹൃത്ത്. വീട്ടിൽ പ്രസവിക്കാൻ അസ്മയെ നിർബന്ധിക്കരുതെന്ന് പല തവണ പറഞ്ഞിട്ടുണ്ടെന്നും മുമ്പുള്ള പ്രസവങ്ങൾ വീട്ടിൽ തന്നെ ആയതിന്റെ ആത്മവിശ്വാസം ദമ്പതികൾക്ക് ഉണ്ടായിരുന്നെന്നും സുഹൃത്ത് നൗഷാദ് പറഞ്ഞു.
ആശുപത്രിയിൽ പോകുന്നത് അസ്മയ്‌ക്ക് ഇഷ്ടമില്ലെന്നാണ് സിറാജുദ്ദീൻ പറഞ്ഞിരുന്നത്. വീട്ടിലെ പ്രസവങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രഭാഷണങ്ങളുടെ സ്ഥിരം കേൾവിക്കാരനായിരുന്നു സിറാജുദ്ദീൻ. പ്രസവം നടന്ന ദിവസവും ഒരു സുഹൃത്ത് വഴി തന്നെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകാനാണ് അപ്പോഴും പറഞ്ഞതെന്നും സുഹൃത്ത് പറഞ്ഞു.
കഴിഞ്ഞ ദിവസം സിറാജുദ്ദീനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്നും തെളിവെടുപ്പ് തുടരും. ദമ്പതികളുടെ ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തും.















