ന്യൂഡൽഹി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണാ വിജയന് തിരിച്ചടി. എസ്എഫ്ഐഒ നടപടി തത്കാലം സ്റ്റേ ചെയ്യാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. എക്സാലോജിക് – CMRL ഇടപാടിനെ ചോദ്യം ചെയ്യുന്ന എസ്എഫ്ഐഒയുടെ തുടർനടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ആദായനികുതി സെറ്റിൽമെന്റ് കമ്മീഷന്റെ പക്കലുള്ള രേഖകൾ ലഹസ്യരേഖയല്ലെന്ന് CMRL വാദിച്ചിരുന്നു. അന്വേഷണം പൂർത്തിയായില്ലേയെന്ന ഹൈക്കോടതി ചോദിച്ചപ്പോൾ കുറ്റപത്രം നൽകിയെന്ന് SFIO അറിയിക്കുകയും ചെയ്തു. കുറ്റപത്രം നൽകിയ ശേഷം കേസ് എങ്ങനെ റദ്ദാക്കാൻ കഴിയുമെന്ന് CMRLനോട് ഹൈക്കോടതി ആരാഞ്ഞു. കേസിൽ കുറ്റപത്രം നൽകിയ സാഹചര്യത്തിൽ CMRLന്റെ ഹർജിക്ക് നിലനിൽപ്പില്ലാതായെന്ന് ഹൈക്കോടതി വ്യക്തമാക്കി.
നേരത്തെ കേസ് പരിഗണിച്ച ബെഞ്ചിനോട് SFIO നൽകിയ വാക്കാലുള്ള ഉറപ്പ് ഇപ്പോൾ SFIO പാലിക്കുന്നില്ലെന്ന് CMRL ആരോപിച്ചു. ഹർജി തീർപ്പാകുന്നതുവരെ നടപടി ഉണ്ടാകില്ലെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ച ബെഞ്ചിന് SFIO വാക്കാൽ ഉറപ്പ് നൽകിയിരുന്നതായും ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചുകൊണ്ട് അത് ലംഘിച്ചതായും CMRL പരാതിപ്പെട്ടു. വാക്കാലുള്ള ഉറപ്പ് ജുഡീഷ്യൽ തെളിവല്ലെന്നായിരുന്നു ഇതുകേട്ട ഹൈക്കോടതിയുടെ മറുപടി.
തുടർന്ന് CMRLന്റെ ആവശ്യപ്രകാരം ഹർജി പരിഗണിക്കുന്നത് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് ഹൈക്കോടതി മാറ്റി. ഈ മാസം 22ന് ഹർജി വീണ്ടും പരിഗണിക്കും.