കൊച്ചി: വയനാട് പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. 17 കോടി രൂപ കൂടി സർക്കാർ കെട്ടിവയ്‌ക്കണമെന്നാണ് കോടതി ഉത്തരവ്. ഹൈക്കോടതി രജിസ്ട്രിയിൽ 17 കോടി രൂപ ബാങ്ക് ഗ്യാരണ്ടിയായി കെട്ടിവയ്‌ക്കാനാണ് നിർദേശം.
നേരത്തെ കെട്ടിവച്ച 26 കോടി രൂപയ്‌ക്ക് പുറമേയാണിത്. അന്തിമ ഉത്തരവിനെ ആസ്പദമാക്കിയാകും തുക അന്തിമമായി നിശ്ചയിക്കുക. നേരത്തെ പ്രഖ്യാപിച്ച 26 കോടി രൂപ എൽസ്റ്റൺ എസ്റ്റേറ്റിന് കൈപ്പറ്റാം. എന്നാൽ 17 കോടി രൂപ വ്യവസ്ഥകൾ പ്രകാരമാകും കൈപ്പറ്റാനാകുക.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിനെ തുടർന്ന് പുരനധിവാസ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് വയനാട്ടിലെ എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചത്. എന്നാൽ ഭൂമി കൈമാറുന്നതിന് സർക്കാർ നൽകുന്ന തുക പര്യാപ്തമല്ലെന്ന് എൽസ്റ്റൺ എസ്റ്റേറ്റ് വ്യക്തമാക്കിയിരുന്നു. 500 കോടി രൂപയ്‌ക്ക് അർഹമാണെന്നാണ് എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ വാദിച്ചത്. എന്നാൽ സർക്കാർ ഇത് തള്ളി.
ന്യായവില പ്രകാരം 26 കോടി രൂപ നൽകുമെന്ന നിലപാടായിരുന്നു സർക്കാർ സ്വീകരിച്ചത്. പിന്നീട് ന്യായവിലയിൽ വ്യത്യാസം വന്നപ്പോൾ 43 കോടി എന്ന തുകയിലേക്ക് സർക്കാർ എത്തി. 26 കോടി രൂപ ഇതിനോടകം നൽകിയതിനാൽ ഇനി 17 കോടി രൂപ കൂടിയാണ് സർക്കാർ കെട്ടിവെക്കേണ്ടത്. നിലവിലെ ഉത്തരവിലൂടെ ഹൈക്കോടതി ഇത് ശരിവക്കുകയായിരുന്നു. എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ചില തർക്കങ്ങൾ നിലനിൽക്കുന്നതിനാലാണ് ഈ തുക ഹൈക്കോടതി രജിസ്ട്രിയിൽ കെട്ടിവെക്കാൻ ഇടക്കാല ഉത്തരവ് നൽകിയത്.