ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതിയും കൊടും ഭീകരനുമായ തഹാവൂർ റാണയെ എൻഐഎയ്‌ക്ക് കൈമാറുന്നതിന്റെ ചിത്രങ്ങൾ യുഎസ് പുറത്തുവിട്ടു. സുരക്ഷാ സന്നാഹങ്ങളോടെ യുഎസ് മാർഷലുകൾ റാണയെ ഇന്ത്യൻ സംഘത്തിന് കൈമാറി. റാണയുടെ അരയിലും കാലുകളിലും കയ്യും ചങ്ങലകൊണ്ട് ബന്ധിച്ചാണ് എൻഐഎയ്‌ക്ക് കൈമാറിയത്.
കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിച്ച പ്രതിയെ 18 ദിവസത്തേക്കാണ് എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. റാണയെ ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ രണ്ട് മണിക്കൂറോളം എൻഐഎ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയത്.
നിരവധി സുപ്രധാന വിവരങ്ങളാണ് എൻഐഎയുടെ ചോദ്യം ചെയ്യലിൽ വ്യക്തമാകാൻ പോകുന്നത്. ഭീകരൻ ഡേവിഡ‍് കോൾമാൻ ഹെഡ്ലിക്ക് എന്തെല്ലാം സഹായങ്ങൾ ചെയ്തു, പാക് ഭീകരരുമായുള്ള ബന്ധം, ഇന്ത്യയിൽ എവിടെയൊക്കെ യാത്ര ചെയ്തു, ആരെയൊക്കെ കണ്ടു, ഭീകരാക്രമണത്തിൽ പാകിസ്താൻ സർക്കാരിന്റെ പങ്ക് എന്നിവ ചോദ്യംചെയ്യലിലൂടെ വ്യക്തമാകും.
2009 മുതൽ യുഎസിലെ ലോസ്ഏഞ്ചൽസിലെ ജയിലിലായിരുന്നു റാണ. ഇന്ത്യയ്‌ക്ക് കൈമാറുന്നതിനെതിരെ റാണ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയതോടെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള നിയമതടസങ്ങൾ പൂർണമായും നീങ്ങിയത്. അഡ്വ. ദായൻ കൃഷ്ണനാണ് എൻഐഎയ്‌ക്ക് വേണ്ടി യുഎസ് കോടതിയിൽ ഹാജരായത്. ഇന്ത്യയിലെ വിചാരണയിലും അദ്ദേഹം തന്നെയായിരിക്കും എൻഐഎ പ്രോസിക്യൂഷൻ സംഘത്തെ നയിക്കുക.