35 വർഷത്തിനിടെ 40-ഓളം സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിനെ ശിക്ഷിച്ച് യുഎസ് കോടതി. പരാതിക്കാരായ സ്ത്രീകൾക്ക് നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു. 1.68 ബില്യൺ അതായത് 14,000 കോടിയോളം രൂപ നൽകണം. ന്യൂയോർക്ക് ജൂറിയുടേതാണ് വിധി.
2022-ലാണ് ടൊബാക്കിനെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. മാനസിക പീഡനം, ലൈംഗിക അതിക്രമം, തടവിൽവെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് സ്ത്രീകളെ പീഡിപ്പിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും വസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെടുകയും ചെയ്തതെന്നും പരാതിയിൽ ആരോപിക്കുന്നു. ഇത് ജോലിയുടെ ഭാഗമാണെന്നാണ് ഇയാൾ സ്ത്രീകളോട് പറഞ്ഞിരുന്നത്. എതിർക്കുന്ന സ്ത്രീകളെ അന്യായമായി തടങ്കലിൽ പാർപ്പിക്കുന്നതാണ് ഇയാളുടെ രീതി.
കരിയർ തകർക്കുമെന്ന് പറഞ്ഞ് ഇയാൾ സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, പരാതിക്കാരെ തനിക്ക് അറിയില്ലെന്നായിരുന്നു ജെയിംസ് ടൊബാക്കിന്റെ വാദം. എന്നാൽ ഇയാൾക്കെതിരെയുള്ള തെളിവുകൾ പരാതിക്കാർ ഹാജരാക്കിയതോടെയാണ് കോടതി നടപടിയെടുത്തത്.















