രാജ്പൂർ: ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. 13 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റുകളെയാണ് വധിച്ചത്. കൊണ്ടഗാവ്, നാരായൺപൂർ ജില്ലകളുടെ അതിർത്തിയിലുള്ള കിലാം-ബർഗം ഗ്രാമങ്ങളിലെ വനത്തിൽ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിവയ്പുണ്ടായതായും ഇതിനുപിന്നാലെയാണ് ഏറ്റുമുട്ടൽ നടന്നതെന്നും ബസ്തർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് സുന്ദർരാജ് പി പറഞ്ഞു.
കൊണ്ടഗാവിൽ നിന്നുള്ള സംസ്ഥാന പൊലീസിന്റെ രണ്ട് യൂണിറ്റുകളായ ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), ബസ്തർ ഫൈറ്റേഴ്‌സ് എന്നിവരുടെ സംയുക്തസംഘമാണ് നക്സലൈറ്റ് വിരുദ്ധ ഓപ്പറേഷന് നേതൃത്വം നൽകിയത്. ഇതുവരെ രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളും ഒരു എകെ 47 റൈഫിളും മറ്റ് ആയുധങ്ങളും സ്ഫോടകവസ്തുക്കളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കിഴക്കൻ ബസ്തർ ഡിവിഷനിലെ അംഗവും മാവോയിസ്റ്റ് കമാൻഡറുമായ ഹൽദാർ, ഏരിയ കമ്മിറ്റി അംഗം റാമെ എന്നിവരാണ് കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ. ഹൽദാറിന്റെയും റാമെയുടെയും തലയ്‌ക്ക് 8 ലക്ഷം രൂപയും 5 ലക്ഷം രൂപയും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പുതിയ ഏറ്റുമുട്ടൽ കൂടി ആയതോടെ ഇതുവരെ സംസ്ഥാനത്ത് നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 140 മാവോയിസ്റ്റുകളെ വധിച്ചു. ഇതിൽ 123 പേരും നാരായൺപൂർ, കൊണ്ടഗാവ് എന്നിവയുൾപ്പെടെ ഏഴ് ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ ഡിവിഷനിലുള്ളവരാണ്.