ന്യൂഡെല്‍ഹി: യുഎസ് വിമാന നിര്‍മാണക്കമ്പനിയായ ബോയിംഗിനെ തഴഞ്ഞ ചൈനയുടെ നടപടി ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് നേട്ടമായേക്കും. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 145% താരിഫ് ചുമത്തിയതിനെ തുടര്‍ന്നാണ് ബോയിംഗില്‍ നിന്ന് ഇനി വിമാനങ്ങള്‍ വാങ്ങേണ്ടെന്ന് ചൈനീസ് വിമാനക്കമ്പനികള്‍ക്ക് ഷി ജിന്‍പിംഗ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. 100 ബോയിംഗ് 737 മാക്‌സ് ജെറ്റുകളുടെ വിതരണത്തിനായി കാത്തിരിക്കുകയാണ് നിലവില്‍ ചൈനീസ് വിമാനക്കമ്പനികള്‍. ഈ വിമാനങ്ങള്‍ വേണ്ടെന്ന് വെക്കുന്നത് എയര്‍ ഇന്ത്യ എക്‌സ്പ്രസിനും ആകാശ എയറിനും നേട്ടമാകും. ഇതേ വിമാനങ്ങളാണ് രണ്ട് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കും അടിയന്തരമായി വേണ്ടത്.
ചൈനീസ് വിമാനക്കമ്പനികള്‍ പിന്‍മാറുന്നതോടെ ഈ വിമാനങ്ങളില്‍ മിക്കവയും ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് നല്‍കാന്‍ ബോയിംഗ് തയാറാവുമെന്നാണ് വ്യോമയാന മേഖലയിലെ വിദഗ്ധര്‍ അനുമാനിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലും ഓര്‍ഡറുകള്‍ റദ്ദായപ്പോള്‍ െൈവറ്റ് ടെയ്‌ലുകള്‍ ഇന്ത്യന്‍ കമ്പനികള്‍ക്കാണ് ബോയിംഗ് നല്‍കിയത്. ഓര്‍ഡര്‍ ചെയ്ത കമ്പനി ഏറ്റെടുക്കാത്ത വിമാനങ്ങളെയാണ് വൈറ്റ് ടെയ്‌ലുകള്‍ എന്ന് പറയുന്നത്.
കഴിഞ്ഞ വര്‍ഷം 25 വൈറ്റ് ടെയ്ല്‍ മാക്‌സ് വിമാനങ്ങള്‍ ബോയിംഗ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് നല്‍കിയിരുന്നു. 25 വിമാനങ്ങള്‍ കൂടി ഇപ്രകാരം ഏറ്റെടുക്കാനിരിക്കുകയാണ്. ചൈനീസ് കമ്പനികള്‍ പിന്‍മാറുന്നതോടെ മിച്ചം വരുന്ന വിമാനങ്ങള്‍ കൂടി ഇപ്രകാരം ഏറ്റെടുക്കാനാണ് ടാറ്റയുടെ കീഴില്‍ അതിവേഗം വിപുലീകരണം നടത്തിവരുന്ന എയര്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.
ബോയിംഗിന് സമയത്തിന് വിമാനം നല്‍കാന്‍ കഴിയാത്തത് ഇന്ത്യന്‍ വിമാനക്കമ്പനിയായ ആകാശയെ കാര്യമായി ബാധിച്ചിട്ടുണ്ട്. പൈലറ്റുകളുണ്ട് പക്ഷേ പറത്താന്‍ ആവശ്യത്തിന് വിമാനമില്ല എന്നതാണ് കമ്പനി നേരിടുന്ന ബുദ്ധിമുട്ട്. വിമാനങ്ങള്‍ വാങ്ങാന്‍ കമ്പനിയുടെ കൈയില്‍ പണം ആവശ്യത്തിനുണ്ട്. പക്ഷേ ഉല്‍പ്പാദകരായ ബോയിംഗിന് ഈ ആവശ്യകതയ്‌ക്കനുസരിച്ച് വിമാനങ്ങള്‍ നല്‍കാനാവുന്നില്ല എന്നതാണ് ഇപ്പോഴത്തെ ബുദ്ധിമുട്ട്.
എയര്‍ ഇന്ത്യയും സമാനമായ പ്രതിസന്ധിയാണ് നേരിടുന്നത്. ഇന്ന് രാത്രി വിമാനം കിട്ടിയാല്‍ നാളെ രാവിലെ സര്‍വീസ് തുടങ്ങാം എന്ന നിലയിലാണ് എയര്‍ ഇന്ത്യ. ബോയിംഗില്‍ നിന്ന് വിമാനം ആവശ്യത്തിന് കിട്ടുന്നില്ലെന്ന പരാതിയാണ് കമ്പനിക്കുള്ളത്.
2025 നും 2027 നും ഇടയില്‍ 179 വിമാനങ്ങള്‍ ബോയിംഗില്‍ നിന്ന് ഏറ്റെടുക്കാനാണ് എയര്‍ ചൈന, ചൈന ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സ്, ചൈന സതേണ്‍ എയര്‍ലൈന്‍സ് എന്നീ മുന്‍നിര ചൈനീസ് വിമാനക്കമ്പനികള്‍ ലക്ഷ്യമിട്ടിരുന്നത്.