കറാച്ചി: ഇന്ത്യക്കെതിരെ പ്രകോപനപരമായ പരാമർശങ്ങളുമായി പാകിസ്താൻ കരസേനാ മേധാവി ജനറൽ അസിം മുനീർ. കശ്മീർ ഇസ്ലാമാബാദിന്റെ “കഴുത്തിന്റെ സിര”യാണെന്നും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നും ആവർത്തിച്ച അസിം മുനീർ 1947 ലെ വിഭജനത്തിന് അടിസ്ഥാനമായ ദ്വിരാഷ്‌ട്ര സിദ്ധാന്തത്തെയും ന്യായീകരിച്ചു. വിദേശത്ത് താമസിക്കുന്ന പാകിസ്താനികളുടെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു പാക് കരസേനാ മേധാവിയുടെ വിവാദ പരാമർശം.
വിദേശ പൗരന്മാർ പാകിസ്താന്റെ അംബാസഡർമാരാണെന്നും അവർ ഒരു ഉന്നതമായ പ്രത്യയശാസ്ത്രത്തിന്റെയും സംസ്കാരത്തിന്റെയും ഉടമകളാണെന്ന് മറക്കരുതെന്നും കരസേനാ മേധാവി ചടങ്ങിൽ പറഞ്ഞു.
“നിങ്ങൾ തീർച്ചയായും നിങ്ങളുടെ കുട്ടികൾക്ക് പാകിസ്താന്റെ കഥ പറയണം. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നമ്മൾ ഹിന്ദുക്കളിൽ നിന്ന് വ്യത്യസ്തരാണെന്ന് നമ്മുടെ പൂർവ്വികർ കരുതിയിരുന്നു. നമ്മുടെ മതങ്ങൾ, ആചാരങ്ങൾ, പാരമ്പര്യങ്ങൾ, ചിന്തകൾ, അഭിലാഷങ്ങൾ എന്നിവ വ്യത്യസ്തമാണ്. ദ്വിരാഷ്‌ട്ര സിദ്ധാന്തത്തിന്റെ അടിത്തറ അതായിരുന്നു.” അസിം മുനീർ പറഞ്ഞു.
ഇന്ത്യയും പാകിസ്താനും രണ്ട് രാഷ്‌ട്രങ്ങളാണെന്ന് ജനറൽ മുനീർ തന്റെ വാദത്തിൽ ഊന്നിപ്പറഞ്ഞു. “നമ്മൾ ഒരു രാഷ്‌ട്രമല്ല. അതുകൊണ്ടാണ് നമ്മുടെ പൂർവ്വികർ ഈ രാജ്യം സൃഷ്ടിക്കാൻ പാടുപെട്ടത്. നമ്മുടെ പൂർവ്വികരും നമ്മളും ഈ രാജ്യത്തിന്റെ സൃഷ്ടിക്കായി വളരെയധികം ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്. അതിനെ എങ്ങനെ പ്രതിരോധിക്കണമെന്ന് ഞങ്ങൾക്കറിയാം” ജനറൽ പറഞ്ഞു. തീവ്രവാദ പ്രവർത്തനങ്ങൾ കാരണം പാകിസ്താന് നിക്ഷേപം ലഭിക്കില്ലെന്ന് പലരും ഭയപ്പെടുന്നു. എന്നാൽ 1.3 ദശലക്ഷം വരുന്ന ഇന്ത്യൻ സൈന്യത്തിന് തങ്ങളെ ഭീഷണിപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും അതിനാൽ തീവ്രവാദികൾക്ക് പാകിസ്താന്റെ സായുധ സേനയെ കീഴ്പ്പെടുത്താൻ കഴിയില്ലെന്നുമായിരുന്നു അസിം മുനീറിന്റെ വീരവാദം.
പ്രസ്താവനകളോട് വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല, എന്നാൽ പാകിസ്താൻ സൈനിക മേധാവിയുടെ പ്രസ്താവനകളുടെ സ്വഭാവം കണക്കിലെടുക്കുമ്പോൾ, ഉടൻ തന്നെ ഒരു പ്രതികരണം ഉണ്ടാകാൻ സാധ്യത കൂടുതലാണ്.