കേരളം ആരാണ് ഭരിക്കുന്നതെന്ന് ഓർത്ത് വേണം നടൻ ഷൈൻ ടോം ചാക്കോ കളിക്കാനെന്ന് എഎ റഹീം എംപി. ഷൈൻ ടോം ചാക്കോയ്‌ക്ക് നേരം വെളുക്കാത്തത് കൊണ്ടോ അതോ അദ്ദേഹം ഇപ്പോഴും മയക്കത്തിലായതു കൊണ്ടോ അറിയാത്തതാണോ? സിനിമയുടെയും മറ്റ് ഏതെങ്കിലും തരത്തിലുള്ള സെലിബ്രറ്റി സ്റ്റാറ്റസിന്റെ മറവിൽ നിന്നുകൊണ്ട് എന്ത് ക്രിമിനൽ പ്രവർത്തനവും നിയമ വിരുദ്ധ പ്രവർത്തനവും നടത്താമെന്ന കാലം കഴിഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ ഗവൺമെന്റിന് അക്കാര്യത്തിൽ കൃത്യമായ നീതി നടപ്പാക്കുന്ന നിലപാടുണ്ട്. മയക്കുമരുന്നിന് അടിമകളായവരെ തള്ളിപ്പറയാനും ഒറ്റപ്പെടുത്താനും സിനിമ മേഖലയിലുള്ളവർ തയാറാകുമോ എന്നും റഹീം ചോദിച്ചു. നടി വിൻ സി അലോഷ്യസിനോട് ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന ആരോപണം നേരിടുന്ന ഷൈൻ ടോം ചാക്കോ നിലവിൽ ഒളിവിലെന്നാണ് വിവരം. സോഷ്യൽ മീഡിയയിൽ ആക്ടീവായിട്ടും നടനെ ഇതുവരെ ലോക്കേറ്റ് ചെയ്യാൻ പൊലീസിന് സാധിച്ചിട്ടില്ല. ലഹരി പരിശോധനയ്‌ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ നടനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട് പൊലീസ്.