എറണാകുളം: ആരോ ആക്രമിക്കാൻ വരുന്നുവെന്ന ഭയത്താലാണ് താൻ ഹോട്ടലിൽ നിന്ന് ഓടിയതെന്ന് ഷൈൻ ടോം ചാക്കോ പൊലീസിനോട്. ഹോട്ടൽ പരിശോധനക്കിടെ പൊലീസിനെ കണ്ട് എന്തിന് ഓടി എന്ന ചോദ്യത്തിനാണ് ഷൈൻ മറുപടി നൽകിയത്. തന്നെ ആക്രമിക്കാനെത്തിയ ആളുകളാണെന്ന് വിചാരിച്ചാണ് ജനൽ വഴി ഓടി രക്ഷപ്പെട്ട് പോയതെന്ന് ഷൈൻ പൊലീസിനോട് പറഞ്ഞു.
പൊലീസാണ് വന്നതെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും താൻ രാസലഹരി ഉപയോഗിക്കാറില്ലെന്നും ഷൈൻ പറഞ്ഞു. ഇതിന് മുമ്പ് ഷൈൻ ആക്രമിക്കപ്പെട്ടിട്ടുണ്ടോ, ആരെങ്കിലും ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന ചോദ്യങ്ങൾക്കും ഷൈൻ വ്യക്തമായ മറുപടി നൽകേണ്ടിവരും. നിലവിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
“ലഹരി ഇടപാടുകാരുമായി ബന്ധമില്ല. പൊലീസിനെ കബളിപ്പിക്കണമെന്ന് വിചാരിച്ചില്ല. ഓടി രക്ഷപ്പെട്ടതിന് ശേഷം അടുത്ത ദിവസം സുഹൃത്തുക്കൾ വിളിച്ചാണ് കാര്യങ്ങൾ പറഞ്ഞത്. അപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥരാണ് വന്നതെന്ന കാര്യം അറിഞ്ഞതെന്നും” ഷൈൻ പറഞ്ഞു.
അഭിഭാഷകനോടൊപ്പമാണ് ഷൈൻ ടോം ചാക്കോ എത്തിയത്. ഷൈനിന്റെ സാമ്പത്തിക ഇടപാടുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടാതെ സമീപകാലത്തെ ഷൈനിന്റെ കോൾ വിവരങ്ങൾ, മറ്റ് രേഖകൾ, കേരളത്തിന് പുറത്തെ യാത്രകൾ എന്നിവ വിശദമായി അന്വേഷിക്കും. ഷൈനിനെ മെഡിക്കൽ പരിശോധനയ്‌ക്ക് വിധേയമാക്കും.