ഐപിഎല്ലിൽ തുടർതോൽവികളിൽ വലയുന്ന രാജസ്ഥാൻ ടീം നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ്. ഡെത്ത് ബൗളിംഗ് ആണ് ടീമിന്റെ പ്രധാന തലവേദനയെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിക്കെതിരായ കഴിഞ്ഞ മത്സരത്തിയിൽ ജയം ഉറപ്പായിരുന്നിട്ടും കളി കൈവിട്ട സൂപ്പർ ഓവറിലെ മണ്ടത്തരങ്ങൾ പരിഹരിച്ച് ടീമിനെ വിജയവഴിയിൽ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും രാജസ്ഥാൻ പരിശീലകൻ പറഞ്ഞു.
ഗുജറാത്ത് ടൈറ്റൻസിനെതിരെയും ഡൽഹി ക്യാപിറ്റൽസിനെതിരെയും നടന്ന അവസാന രണ്ട് മത്സരങ്ങളിലും ഒരേ പിഴവുകൾ സംഭവിച്ചു. “ഞങ്ങളുടെ ഡെത്ത് ബൗളിംഗിൽ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ അവസാന അഞ്ച് ഓവറുകളിൽ ഞങ്ങൾ 77 റൺസ് വഴങ്ങി. നേരത്തെ നടന്ന മത്സരത്തിൽ, ഞങ്ങൾ 72 റൺസ് വഴങ്ങി” ദ്രാവിഡ് പറഞ്ഞു.
ടീമിന്റെ പാളിപ്പോയ തീരുമാനങ്ങൾ സഞ്ജു ഒറ്റയ്‌ക്കല്ലെന്നും താനും കൂടെ ചേർന്നാണ് എടുത്തിട്ടുള്ളതെന്നും ദ്രാവിഡ് പറഞ്ഞു. “തീരുമാനങ്ങൾ എടുക്കുന്നത് ഞാനാണ്, സഞ്ജു സാംസൺ അതിൽ ഒരു അവിഭാജ്യ ഘടകമാണ്, കൂടാതെ ഞങ്ങളുടെ മറ്റ് പരിശീലകരുമായും ഞങ്ങളുടെ അനലിസ്റ്റ് ടീമുമായും കൂടിയാലോചിക്കുന്നു,” ദ്രാവിഡ് പറഞ്ഞു. ടീമിന്റെ സന്തുലിതാവസ്ഥയിലും താരങ്ങളിലും ആത്മവിശ്വാസം പ്രകടിപ്പിച്ച മുൻ ഇന്ത്യൻ പരിശീലകൻ ശനിയാഴ്‌ച ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെ ഇറങ്ങുമ്പോൾ ടീം ഈ പിഴുവകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും പറഞ്ഞു.















