ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ് റിട്ടയർ ഹർട്ടായ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ലക്നൗവിനെതിരെയുള്ള അടുത്ത മത്സരത്തിൽ കളിച്ചേക്കില്ല. 2022ന് ശേഷമുള്ള ആദ്യ സൂപ്പർ ഓവർ മത്സരത്തിൽ ഡൽഹിക്കായിരുന്നു വിജയം. ഇതിനിടെ സഞ്ജുവിന് പരിക്കേറ്റത് വലിയൊരു തിരിച്ചടിയുമായി. ഏഴ് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ രണ്ടു വിജയം മാത്രമാണ് രാജസ്ഥാന് അവകാശപെടാനുള്ളത്.
വാരിയെല്ലിന് സമീപമാണ് താരത്തിന് പരിക്കേറ്റത്. നാളെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. നായകൻ കളിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. സഞ്ജുവിന്റെ സ്കാനിംഗ് ഫലം ലഭിച്ചതിന് ശേഷമാകും ഇതിൽ തീരുമാനമെന്നാണ് രാഹുൽ ദ്രാവിഡ് പറയുന്നത്. വയറിൽ സഞ്ജുവിന് വേദയുണ്ട്. അതിനാൽ സ്കാനിംഗിന് വിധേയനാക്കി. ഇനി ഇതിന്റെ ഫലം വരണം. എന്നാലെ പരിക്കിനെ കുറിച്ചുള്ള ചിത്രം വ്യക്തമാകൂ. എന്താണ് നടക്കുന്നതെന്ന് നോക്കാം— ദ്രാവിഡ് പറഞ്ഞു.
അതേസമയം താരം ഇംപാക്ട് സബ്ബായി ടീമിലെത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. അതേസമയം താനും സഞ്ജുവും തമ്മിൽ തർക്കങ്ങളാണെന്ന റിപ്പോർട്ടുകൾ ദ്രാവിഡ് പാടെ തള്ളിക്കളഞ്ഞു. ഇത് എവിടെ നിന്നാണ് പടച്ചുവിടുന്നതെന്നും അദ്ദേഹം ചോദിച്ചു. സഞ്ജു ടീമിന്റെ നിർണായക താരമാണെന്നും പരിശീലകൻ പറഞ്ഞു.