തിരുവനന്തപുരം: ബിജെപിയുടെ എല്ലാ ഓഫീസുകളും ജനങ്ങൾക്ക് വേണ്ടിയുള്ള ഹെൽപ് ഡെസ്കായി പ്രവർത്തിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ മാറ്റങ്ങൾ വരണമെങ്കിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തണമെന്നും അതിനുള്ള പ്രവർത്തനങ്ങളാണ് ജില്ലാ ഓഫീസുകളിൽ നടക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നേതാവാകാൻ വേണ്ടിയല്ല, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നേതാക്കന്മാരെ സൃഷ്ടിക്കാനാണ് ഞാൻ വന്നത്. ബിജെപിയിൽ എംഎൽഎയോ എംപിയോ ആകണമെങ്കിൽ ജനങ്ങളുടെ അംഗീകാരം മാത്രമാണ് മാനദണ്ഡം. ആരാണ് അർഹതപ്പെട്ട നേതാവെന്ന് ജനങ്ങളാണ് തീരുമാനിക്കുന്നത്. നേതാവാകണമെങ്കിൽ ജനങ്ങളുടെ മനസിൽ സ്ഥാനം നേടണം. തെരഞ്ഞെടുപ്പിൽ വിജയിക്കണം”.
പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് രണ്ടിന് വിഴിഞ്ഞത്തെത്തും. അദ്ദേഹത്തിനായി ഊഷ്മള സ്വീകരണം ഒരുക്കും. കേരളത്തിലെ എൽഡിഎഫും യുഡിഎഫും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. അവർ രണ്ട് പേരും ഒരേപോലെ ജനങ്ങളുടെ മനസിൽ വിഷം നിറക്കുകയാണ്. എല്ലാവർക്കുമൊപ്പം എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപി. വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം ഉറപ്പാക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.