ഐപിഎൽ സീസണ് മുൻപ് കിരീട സാധ്യതകൾ കല്പിക്കപ്പെട്ടിരുന്ന ടീമായിരുന്നു രാജസ്ഥാൻ റോയൽസ്. എന്നാൽ ഓരോ മത്സരങ്ങൾ കഴിയും തോറും സാധ്യതകൾ ടൂർണമെന്റിൽ നിന്ന് ആദ്യം പുറത്തുപോകുമോ എന്ന നിലയിലേക്ക് മാറിയെന്ന് മാത്രം. എട്ടു മത്സരങ്ങൾ പൂർത്തിയാകുമ്പോൾ അക്കൗണ്ടിൽ 6 തോൽവിയും രണ്ടു ജയവും മാത്രം. ഇനിയൊരു തിരിച്ചുവരവ് സഞ്ജുവിന്റെ രാജസ്ഥാനുണ്ടോ എന്ന് ചോദിച്ചാൽ ഏറെക്കുറെ ഇല്ലെന്ന് പറയേണ്ടിവരും. മുൻനിര ബാറ്റർമാരെ ആശ്രയിച്ചാണ് ടീമിന്റെ മുന്നോട്ട് പോക്ക്. പ്രമുഖരായ മൂന്നുപേർ ഫോമായില്ലെങ്കിൽ ടീം നല്ലൊരു ടോട്ടൽ പോലും നേടില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രകടനം. സഞ്ജു ഉൾപ്പടെയുള്ളവർ ലഭിക്കുന്ന നല്ല തുടക്കം വലിയൊരു സ്കോറിലേക്ക് വഴിതിരിക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുന്നു.
ഒരിക്കൽ മാത്രമാണ് രാജസ്ഥാന്റെ ടോപ് ഓർഡർ ബാറ്റർമാർ മികച്ച പ്രകടനം നടത്തിയത്. പക്ഷേ പഞ്ചാബിനെതിരെ ആ മത്സരം തോൽക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു മത്സരങ്ങളും ജയത്തിന്റെ പടിവാതിലിൽ നിന്ന് തോൽവിയുടെ ആഴങ്ങളിലേക്ക് പരിതാപകരമായി പതിക്കുന്ന രാജസ്ഥാനെയാണ് കണ്ടത്. സാഹചര്യവും പിച്ചിന്റെ സ്വഭാവും മനസിലാക്കി കളിക്കാൻ രാജസ്ഥാന് സാധിക്കുന്നില്ല. പരിശീലകൻ എന്ന നിലയിൽ രാഹുൽ ദ്രാവിഡിന്റെ പല തീരുമാനങ്ങളും രാജസ്ഥാന് പാരയായി. മെഗാലേലത്തിലും ഇത് കണ്ടതാണ്. ജോസ് ബട്ലർ, ചഹാൽ എന്നിവരെ കൈവിട്ടത് വമ്പൻ തിരിച്ചടിയായി. ഇവർക്ക് പകരം വന്നവരും നിലനിർത്തിയവരും ടീമിന് ബാധ്യതയുമായി.
സമ്മർദ്ദ സാഹചര്യത്തിലുള്ള റൺ ചേസിംഗിലും നല്ല ബൗളിംഗ് ആക്രമണമുള്ള ടീമിനെതിരെയും രാജസ്ഥാൻ ബാറ്റിംഗ് നിര ശരാശരിയിലൊതുങ്ങുന്നു, ചിലപ്പോഴൊക്കെ ഇതിലും താഴെ. കൊൽക്കത്തയ്‌ക്കെതിരെ നേടിയത് 151 റൺസ്. ഗുജറാത്തിനെതിരെ 159 റൺസിൽ ഓൾഔട്ടുമായി. തന്ത്രപരമായി ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ രാജസ്ഥാന് ശേഷിയില്ലാതായി. മധ്യഓവറുകളിൽ (7-15) രാജസ്ഥാന് കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ സാധിക്കുന്നില്ല. ഇതാണ് ആർ.സി.ബി, കെ.കെ.ആർ,ഗുജറാത്ത്, ഡൽഹി, ലക്നൗ എന്നീ ടീമുകൾക്കെതിരെ തോൽവി വഴങ്ങിയതിന് പ്രധാന കാരണം. മധ്യനിരയിൽ അന്താരാഷ്‌ട്ര താരങ്ങളുണ്ടായിട്ടും പ്രകടനം മോശമാണ്. പരാഗിനും ഹെറ്റ്മെയറിനും സ്ഥിരതയാർന്ന പ്രകടനം നടത്താനാകുന്നില്ല. സന്ദീപ് ശർമയെന്ന പേസർ ടീമിന് ബാധ്യതയാകുന്നതാണ് ഓരോ മത്സര ശേഷവും കാണുന്നത്. തീക്ഷണയും ഹസരംഗയും എതിർ ബാറ്റർമാർക്ക് കാര്യമായ ഭീഷണി ഉണ്ടാക്കുന്നില്ലതാനും















