ഞായറാഴ്ച ന്യൂ ചണ്ഡീഗഡിലെ മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരെ ഏഴ് വിക്കറ്റിന്റെ വിജയത്തോടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) സ്വന്തം നാട്ടിൽ നേടിയ തോൽവിക്ക് പകരം വീട്ടി. ആദ്യ മത്സരത്തിൽ നേർക്കുനേർ വന്നപ്പോൾ കോലിപ്പട പഞ്ചാബിനെതിരെ നാണംകെട്ട തോൽവിയേറ്റുവാങ്ങിയിരുന്നു. ഇതിനുപിന്നാലെ പഞ്ചാബ് അവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ മുൻ പരസ്യ കാമ്പെയ്‌നിൽ നിന്നുള്ള വിരാട് കോലിയുടെ നൃത്തത്തിന്റെ ഒരു പാരഡി വീഡിയോ പോസ്റ്റ് ചെയ്ത് ആർസിബിയെ പരിഹസിച്ചിരുന്നു.
എന്നാൽ ഇത്തവണ ജയം ആർസിബിക്കൊപ്പം നിന്നതോടെ സോഷ്യൽ മീഡിയയിൽ കിട്ടിയത് പലിശയും ചേർത്ത് തിരിച്ച് കൊടുക്കാനുള്ള അവസരം പാഴാക്കിയില്ല. പഞ്ചാബിനെ പരിഹസിച്ച് ആർസിബി അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ രണ്ട് പോസ്റ്റുകൾ പങ്കുവച്ചു. “എല്ലാ മാസ്റ്റർപീസിനും ഒരു പകർപ്പുണ്ട്. ഒറിജിനലിൽ തന്നെ തുടരുക. ആസ്വദിക്കൂ” എന്ന അടിക്കുറിപ്പോടെ കോലിയും മറ്റ് കലാകാരന്മാരും ചേർന്ന് നൃത്തം ചെയ്യുന്ന ഒരു വീഡിയോ ആർസിബി പോസ്റ്റ് ചെയ്തു.
രണ്ട് വർഷങ്ങൾക്ക് മുമ്പ്, മുൻ റോയൽ ചലഞ്ചേഴ്‌സ് ക്യാപ്റ്റൻ വിരാട് കോലി നോർവീജിയൻ ഡാൻസ് ഗ്രൂപ്പായ ‘ക്വിക്ക് സ്റ്റൈൽ’ എന്ന നൃത്ത സംഘവുമായി ചേർന്ന് ചെയ്ത ഒരു വൈറൽ കോളാബ് വീഡിയോ ആയിരുന്നു ഇത്. മറ്റൊരു പോസ്റ്റിൽ ആർസിബി എഴുതി, “നിങ്ങൾക്ക് അത് നൽകാൻ കഴിയുമെങ്കിൽ, നിങ്ങൾ അത് തിരികെ വാങ്ങാനും പഠിക്കണം.” സോഷ്യൽ മീഡിയ പോരിന് മുൻപ് വിജയ റൺ നേടിയതിനുപിന്നാലെ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് മുന്നിലെ കോലിയുടെ ആക്രമണാത്മക വിജയാഘോഷവും ആരാധകർ ഏറ്റെടുത്തിരുന്നു.
Every masterpiece has a copy. Stick to the original. Enjoy. 😊#PlayBold pic.twitter.com/tIqAMAgEok
— Royal Challengers Bengaluru (@RCBTweets) April 20, 2025















