താരങ്ങളുടെ വാർഷിക റിട്ടൈനർഷിപ്പ് കരാറുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). നാല് വിഭാഗങ്ങളിലായി 34 കളിക്കാരാണ് പട്ടികയിലുള്ളത്. ഐപിഎല്ലിൽ ഉൾപ്പടെ മോശം ഫോം തുടരുന്ന ഋഷഭ് പന്തിന് ബിസിസിഐ ‘ബി’ ഗ്രേഡിൽ നിന്ന് ‘എ’ ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നൽകി. അതേസമയം മലയാളി താരം സഞ്ജു സാംസണെ ഇത്തവണയും ‘സി’ ഗ്രിഡിൽ നില നിർത്തുകയും ചെയ്തു.
പന്തിനെ കൂടാതെ മുഹമ്മദ് സിറാജ് , കെ എൽ രാഹുൽ , ശുഭ്മാൻ ഗിൽ , ഹാർദിക് പാണ്ഡ്യ , മുഹമ്മദ് ഷാമി എന്നിവരും എ ഗ്രേഡ് ടീമിലുണ്ട്. ശ്രേയസ് അയ്യരും ഇഷാൻ കിഷനും കരാർ പട്ടികയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഇരുവരും കുൽദീപ് യാദവ് , അക്സർ പട്ടേൽ , യശസ്വി ജയ്‌സ്വാൾ , ഇന്ത്യ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എന്നിവർക്കൊപ്പം ‘ബി’ ഗ്രേഡിലാണ്.
ഏറ്റവും ഉയർന്ന എ+ ഗ്രേഡിൽ നാല് കളിക്കാരാണുള്ളത്. ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവരാണ് ഈ ഗ്രേഡിലുള്ളത്. കഴിഞ്ഞ വർഷം അവസാനം അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ അശ്വിനെ ഒഴിവാക്കിയിട്ടുണ്ട്.
സി ഗ്രേഡിൽ ഉൾപ്പെടുത്തിയ നിതീഷ് കുമാർ റെഡ്ഡി, ധ്രുവ് ജൂറൽ , അഭിഷേക് ശർമ്മ , സർഫറാസ് ഖാൻ , ആകാശ് ദീപ് , വരുൺ ചക്രവർത്തി , ഹർഷിത് റാണ എന്നിവരാണ് കരാർ ലിസ്റ്റിലെ പുതിയ അംഗങ്ങൾ. അതേസമയം കഴിഞ്ഞ വർഷം സി ഗ്രേഡ് പട്ടികയിൽ ഉണ്ടായിരുന്ന ഷാർദുൽ താക്കൂർ, കെ എസ് ഭരത് , ആവേശ് ഖാൻ , ജിതേഷ് ശർമ്മ എന്നിവരെ ഒഴിവാക്കി.















