എറണാകുളം: പഹൽഗാം ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ ദൃക്സാക്ഷിയും കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകളുമായ ആരതി. പല സ്ഥലങ്ങളിൽ നിന്നാണ് ഭീകരർ എത്തിയതെന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്നും ആരതി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
“ഒരുപാട് പേർ സ്ഥലത്തുണ്ടായിരുന്നു. പെട്ടെന്നാണ് ഒരു ശബ്ദം കേട്ടത്. ഗൺഷൂട്ടാണെന്ന് ആദ്യം കരുതിയിരുന്നില്ല. ദൂരേക്ക് നോക്കിയപ്പോൾ മുകളിലേക്ക് വെടിവയ്‌ക്കുന്നത് കണ്ടു. മക്കളെയും അച്ഛനെയും ഞാൻ നിലത്ത് കിടത്തി. പിന്നെ അവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് ഓടിപോയി. ചുറ്റും കാടാണ്. എല്ലാവരും പല ഭാഗത്തേക്ക് ഓടുകയായിരുന്നു”.
അപ്പോഴേക്കും ഒരു തീവ്രവാദി പുറത്തേക്ക് വന്ന് എല്ലാവരോടും കിടക്കാൻ പറഞ്ഞു. ഞങ്ങളെല്ലാവരും തറയിൽ കിടന്നു. എന്തോ ചോദിക്കുകയും അവരെ ഷൂട്ട് ചെയ്യുകയും ചെയ്തു. പിന്നെ എന്റെയും അച്ഛന്റെയും അടുത്തേക്ക് വന്നു. അവർ എന്തോ ചോദിച്ചു. കലിമ എന്നൊരു വാക്കാണ് അവർ ചോദിച്ചത്. മനസിലായില്ലെന്ന് ഹിന്ദിയിൽ തന്നെ പറഞ്ഞു. അച്ഛനെ എന്റെ മുന്നിൽ വച്ച് തന്നെ വെടിവച്ചു.
“അച്ഛനെ കെട്ടിപിടിച്ച് ഞാൻ കരയുന്നുണ്ടായിരുന്നു. നമുക്ക് പോകാം അമ്മ എന്ന് മക്കൾ പറഞ്ഞു. ഞാൻ അവരെയും കൊണ്ട് താഴേക്ക് ഓടി. അച്ഛൻ മരിച്ചുവെന്ന് എനിക്ക് അപ്പോൾ തന്നെ മനസിലായി. ഏതൊക്കെയോ വഴികളിലൂടെയാണ് ഞങ്ങൾ ഓടിയെത്തിയത്. അര മണിക്കൂർ കഴിഞ്ഞപ്പോൾ ഡ്രൈവറെ വിളിച്ചിരുന്നു. കുറച്ച് സമയം കഴിഞ്ഞയുടനെ പട്ടാളക്കാർ എത്തി മുകളിലേക്ക് പോയി”.
തോക്ക് വച്ച് എന്റെ തലയിൽ കുത്തി. മക്കൾ കരയുന്നത് കണ്ടായിരിക്കാം തിരിഞ്ഞ് പോയത്. ഞങ്ങൾ പഹൽഗാമിലെത്തി പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ സംഭവം നടന്നിരുന്നു. ഞങ്ങളുടെ അടുത്ത് വന്നയാൾ സൈനിക വേഷത്തിലല്ലായിരുന്നെന്നും ആരതി പറഞ്ഞു.















