യുഎസ്-ചൈന താരിഫ് യുദ്ധത്തിന്റെ ആഘാതം കുറയ്‌ക്കാന്‍ ചര്‍ച്ചകള്‍ സജീവമാണെങ്കിലും കമ്യൂണിസ്റ്റ് രാജ്യത്തിന് ഷോക്ക് നല്‍കുന്ന തീരുമാനവുമായി ആപ്പിള്‍. അടുത്ത വര്‍ഷത്തോടെ യുഎസില്‍ വില്‍ക്കുന്ന മുഴുവന്‍ ഐഫോണുകളും ഇന്ത്യയില്‍ നിര്‍മിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.
വിഖ്യാത ആഗോള സാമ്പത്തിക മാധ്യമമായ ഫൈനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് തങ്ങളുടെ ഇന്ത്യയിലെ നിര്‍മാണ പങ്കാളികളായ ഫോക്‌സ്‌കോണിന്റെയും ടാറ്റ ഇലക്ട്രോണിക്‌സിന്റെയും ഉല്‍പ്പാദന ശേഷി കാര്യമായി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ആപ്പിള്‍.
ഇന്ത്യയില്‍ ആപ്പിളിന്റെ ഏറ്റവും വലിയ നിര്‍മാതാവ് ഫോക്‌സ്‌കോണാണ്. മാര്‍ച്ച് മാസത്തില്‍ മാത്രം ഇവര്‍ 1.31 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ആപ്പിള്‍ ഫോണുകളാണ് കയറ്റി അയച്ചത്. ഒരു മാസത്തില്‍ ആദ്യമായാണ് ഇത്രയും വലിയ തുകയുടെ ആപ്പിള്‍ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി നടക്കുന്നത്.
ജനുവരി-ഫെബ്രുവരി മാസങ്ങളിലെ മൊത്തം ഉല്‍പ്പാദനത്തോളം വരും മാര്‍ച്ചിലെ മാത്രം കണക്കുകള്‍. അതേസമയം ടാറ്റ ഇലക്ട്രോണിക്‌സിന്റെ ഐഫോണ്‍ കയറ്റുതമതിയിലുണ്ടായിരിക്കുന്നത് 63 ശതമാനം കുതിപ്പാണ്. മാര്‍ച്ചില്‍ 612 മില്യണ്‍ ഡോളറിന്റെ ഐഫോണ്‍ കയറ്റുമതിയാണ് ടാറ്റ നടത്തിയത്.
ആപ്പിളിന്റെ മൊത്തം ഐഫോണ്‍ വില്‍പ്പനയില്‍ 28 ശതമാനവും യുഎസിലാണ് നടക്കുന്നത്. ഇത് മുഴുവന്‍ ഭാരതത്തില്‍ നിന്ന് കയറ്റി അയക്കാനുള്ള നീക്കം വലിയ മാറ്റങ്ങളാണ് വിപണിയിലുണ്ടാക്കുക. അതായത് യുഎസില്‍ പ്രതിവര്‍ഷം വിറ്റുപോകുന്ന 60 ദശലക്ഷം ഐഫോണുകളുടെ നിര്‍മാണം ഇനി ഇന്ത്യയിലാകുമെന്ന് സാരം. രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലും തൊഴിലവസരങ്ങളിലും അഭൂതപൂര്‍വമായ കുതിപ്പാണ് ഇതുണ്ടാക്കുക.
ആപ്പിളിന്റെ ഭൂരിഭാഗം ഐഫോണുകളും ഇപ്പോഴും ചൈനയില്‍ തന്നെയാണ് പങ്കാളിയായ ഫോക്സ്‌കോണ്‍ അസംബിള്‍ ചെയ്യുന്നത്. ആപ്പിളിന്റെ ഉല്‍പ്പാദന ശേഷിയുടെ ഏകദേശം 80% ചൈനയില്‍ തന്നെയാണെന്ന് മാര്‍ച്ച് മാസത്തില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ എവര്‍കോര്‍ ഐഎസ്ഐ പറയുന്നു.
ആപ്പിളിന്റെ 2017 നും 2020 സാമ്പത്തിക വര്‍ഷത്തിനും ഇടയില്‍ ചൈനയിലെ നിര്‍മ്മാണ സൈറ്റുകളുടെ എണ്ണം കുറഞ്ഞുവെങ്കിലും, അതിനുശേഷം അത് വീണ്ടും ഉയര്‍ന്നതായി ബെര്‍ണ്‍സ്‌റ്റൈന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആപ്പിളിന്റെ ആകെ വിതരണക്കാരുടെ 40% ചൈനീസ് വിതരണക്കാരാണെന്ന് ബെര്‍ണ്‍സ്‌റ്റൈന്‍ വ്യക്തമാക്കുന്നു. ഇതിലെല്ലാം വലിയ മാറ്റങ്ങളാണ് ഇനി വരാന്‍ പോകുന്നത്.
ട്രംപിന്റെ താരിഫ് പേടിച്ച് അടുത്തിടെ പ്രത്യേക കാര്‍ഗോ വിമാനങ്ങളിലായി 600 ടണ്‍ ഐഫോണുകളാണ് ഇന്ത്യയില്‍ നിന്നും ആപ്പിള്‍ അമേരിക്കയിലെത്തിച്ചിരുന്നു.