പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താൻ പൗരന്മാരുടെ വീസ കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ആശങ്കയിലാണ് കാമുകനൊപ്പം ജീവിക്കാൻ അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന പാകിസ്താൻ സ്വദേശിനി സീമ ഹൈദറും. 2023-ലാണ് അവർ നേപ്പാൾ അതിർത്തിയിലൂടെ മൂന്ന് മക്കളുമായി കാമുകൻ സച്ചിൻ മീണയ്ക്ക് ഒപ്പം ജീവിക്കാൻ ഇന്ത്യയിലെത്തിയത്. സച്ചിനെ വിവാഹം ചെയ്ത അവർ ഒരു കുഞ്ഞിന് ജന്മവും നൽകി. ഗ്രേറ്റർ നോയിഡ സ്വദേശിയാണ് സച്ചിൻ. ഇവരുടെ മകളുടെ പേര് ഭാരതി മീണയെന്നാണ്.
പുതിയെരു വീഡിയോയിൽ തനിക്ക് ഇനി പാകിസ്താനിലേക്ക് മടങ്ങേണ്ടെന്നും പ്രധാനമന്ത്രിയോടും യുപി മുഖ്യമന്ത്രിയോടും തന്നെ ഇന്ത്യയിൽ കഴിയാൻ അനുവദിക്കണമെന്നും ഇവർ അഭ്യർത്ഥിക്കുന്നുണ്ട്. സച്ചിനെ വിവാഹം കഴിച്ചതിന് പിന്നാലെ ഹിന്ദു മതം സ്വീകരിച്ചെന്നും അവർ വ്യക്തമാക്കി. ഞാൻ പാകിസ്താന്റെ മകളായിരുന്നുവെങ്കിലും ഇപ്പോൾ ഇന്ത്യയുടെ മരുമകളാണെന്നും അവർ വ്യക്തമാക്കുന്നു.
സീമ ഇപ്പോൾ പാകിസ്താൻ പൗരയല്ല, നോയിഡ സ്വദേശി സച്ചിൻ മീണയെ വിവാഹം കഴിച്ചു. മകൾക്കും ജന്മം നൽകി. ഇനി അവരുടെ പൗരത്വം ഇന്ത്യൻ ഭർത്താവുമായി ബന്ധപ്പെട്ടതാണ്. അതിനാൽ കേന്ദ്ര നിർദ്ദേശം ബാധകമല്ലെന്നും അവരുടെ അഭിഭാഷകൻ വ്യക്തമാക്കുന്നു. അതേസമയം ഇവരെ പാകിസ്താനിലേക്ക് മടക്കി അയക്കുമോ എന്ന കാര്യത്തിൽ സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.















