റാഞ്ചി: ഛത്തീസ്ഗഡിൽ എൻസിസി ക്യാമ്പിലെ വിദ്യാർത്ഥികളെ നിർബന്ധിച്ച് നിസ്കരിപ്പിച്ച സംഭവത്തിൽ ഏഴ് അധ്യാപകർ ഉൾപ്പെടെ എട്ട് പേർക്കെതിരെ കേസെടുത്ത് പൊലീസ്. ഛത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിലെ ഗുരു ഗാസിദാസ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ എൻസിസി ക്യാമ്പിനിടെയാണ് സംഭവം. മാർച്ച് 26 മുതൽ ഏപ്രിൽ 1 വരെ നടന്ന ക്യാമ്പിൽ 159 വിദ്യാർത്ഥികളെ അദ്ധ്യാപകർ നിർബന്ധിച്ച് നിസ്കരിപ്പിച്ചുവെന്നാണ് പരാതി. ഇവരിൽ നാലു പേർ മാത്രമാണ് മുസ്‌ലിം സമുദായത്തിൽ നിന്നുള്ളവർ.
കോട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ശിവ്തരായ് ഗ്രാമത്തി ലാണ് ക്യാമ്പ് നടന്നത്. വിദ്യാർഥികൾ തിരിച്ചെത്തി പ്രതിഷേധം ആരംഭിച്ചതോടെയാണ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. വിദ്യാർത്ഥി സംഘടനകൾ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തി. മാർച്ച് 31 നാണ് സംഭവം നടന്നത്. ബിലാസ്പൂർ സീനിയർ പൊലീസ് സൂപ്രണ്ട് രജനീഷ് സിംഗ്, സിറ്റി പൊലീസ് സൂപ്രണ്ട് (കോട്‌വാലി) അക്ഷയ് സബദ്രയുടെ കീഴിൽ നാലംഗ സമിതി രൂപീകരിച്ച് അന്വേഷണം നടത്തിയിരുന്നു. അന്വേഷണ റിപ്പോർട്ട് എസ്‌എസ്‌പിക്ക് സമർപ്പിച്ചതിനെത്തുടർന്ന് ശനിയാഴ്ചയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഗുരു ഘാസിദാസ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകരായ ദിലീപ് ഝാ, മധുലിക സിംഗ്, ജ്യോതി വർമ്മ, നീരജ് കുമാരി, പ്രശാന്ത് വൈഷ്ണവ്, സൂര്യഭാൻ സിംഗ്, ബസന്ത് കുമാർ, ടീം കോർ ലീഡറും വിദ്യാർത്ഥിയുമായ ആയുഷ്മാൻ ചൗധരി എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോണി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് കൂടുതൽ അന്വേഷണത്തിനായി ഡയറി കോട്ട പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.















