ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണം ഭീരുത്വത്തെ കാണിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീരിലേക്ക് സമാധാനവും വികസനവും തിരിയെത്തിക്കുന്ന സമയത്താണ് ആക്രമണം നടത്തിയത്. മേഖലയുടെ പുരോഗതി തടസ്സപ്പെടുത്താനുള്ള രാഷ്‌ട്രത്തിന്റെ ശത്രുക്കളുടെ തീവ്രശ്രമമാണ് പഹൽഗാമിൽ കണ്ടത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് “നീതി ഉറപ്പാക്കുമെന്നും ” പ്രധാനമന്ത്രി വാക്കുനൽകി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
“ഇരകളുടെ കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. ഗുഢാലോചന നടത്തിയവർക്കും നടപ്പാക്കിയവർക്കും ഏറ്റവും കഠിനമായ തിരിച്ചടി നേരിടേണ്ടിവരും. കശ്മീരിനെ വീണ്ടും നശിപ്പിക്കാനുള്ള “വലിയ ഗൂഢാലോചന”യുടെ ഭാഗമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
“കശ്മീരിൽ സമാധാനം തിരിച്ച് വരുന്നത്, രാജ്യത്തിന്റെയും ജമ്മു കശ്മീരിന്റെയും ശത്രുക്കൾക്ക് ഇഷ്ടപ്പെട്ടില്ല. കശ്മീർ വീണ്ടും നശിക്കണമെന്നാണ് തീവ്രവാദികളും അവരുടെ യജമാനന്മാരും ആഗ്രഹം. അതുകൊണ്ടാണ് ഇത്രയും വലിയ ഗൂഢാലോചന നടന്നത്. ഭീകരതയ്‌ക്കെതിരായ ഈ യുദ്ധത്തിൽ, രാജ്യത്തിന്റെ ഐക്യമാണ് നമ്മുടെ ഏറ്റവും വലിയ ശക്തി. ഭീകരർക്കും അവരെ പിന്തുണയ്‌ക്കുന്നവർക്കും ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുമെന്നും പ്രധാനമന്ത്രി ആവർത്തിച്ച് വ്യക്തമാക്കി.















