ന്യൂഡൽഹി: സായുധ സേനയെ ആധുനികവൽക്കരിക്കാൻ സർക്കാരിനെ സഹായിക്കുന്നതിന് ഒരു പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവന നൽകാൻ ആളുകളോട് ആവശ്യപ്പെടുന്ന വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ വ്യാജമാണെന്ന മുന്നറിയിപ്പുമായി കേന്ദ്രം. വാട്ട്‌സ്ആപ്പ് സന്ദേശത്തിലെ അക്കൗണ്ട് വിശദാംശങ്ങൾ തെറ്റാണെന്നും, ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകരുതെന്നും ആളുകളോട് അഭ്യർത്ഥിക്കുന്നതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) നടത്തിയ വസ്തുതാ പരിശോധനയിൽ ഈ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി. “ഇന്ത്യൻ സൈന്യത്തിന്റെ നവീകരണത്തിനായി സർക്കാർ ഒരു ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഒരു വാട്ട്‌സ്ആപ്പ് സന്ദേശം പ്രചരിക്കുന്നുണ്ട്. ഈ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. സന്ദേശത്തിൽ പരാമർശിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് ഇന്ത്യൻ സൈന്യത്തിന്റെ നവീകരണത്തിനോ ആയുധങ്ങൾ വാങ്ങുന്നതിനോ ഉള്ളതല്ല,” പിഐബി പറഞ്ഞു.
ബോളിവുഡ് നടൻ അക്ഷയ് കുമാറാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഈ ആശയം നിർദ്ദേശിച്ചതെന്നും സന്ദേശത്തിൽ അവകാശപ്പെടുന്നു. സന്ദേശത്തിന്റെ ഒരുബഭാഗം ഇങ്ങനെയാണ്: “സൂപ്പർ സ്റ്റാർ അക്ഷയ് കുമാർ നിർദ്ദേശിച്ചതുപോലെ മോദി സർക്കാരിന്റെ മറ്റൊരു നല്ല തീരുമാനം. ഇന്ത്യൻ സൈന്യത്തിന് പ്രതിദിനം ഒരു രൂപ മാത്രം. ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ, ഇന്ത്യൻ സൈന്യത്തിന്റെ ആധുനികവൽക്കരണത്തിനും യുദ്ധമേഖലയിൽ പരിക്കേറ്റവരോ വീരമൃത്യുവരിച്ചവരോ ആയ സൈനികർക്കായി മോദി സർക്കാർ ഒരു ബാങ്ക് അക്കൗണ്ട് തുറന്നു. ഇതിൽ ഓരോ ഇന്ത്യക്കാരനും സ്വന്തം ഇഷ്ടപ്രകാരം എത്ര തുക വേണമെങ്കിലും സംഭാവന ചെയ്യാം. ഇത് ഒരു രൂപയിൽ നിന്ന് ആരംഭിച്ച് പരിധിയില്ലാത്തതാണ്. ഈ പണം സൈന്യത്തിനും അർദ്ധസൈനിക വിഭാഗങ്ങൾക്കും ആയുധങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കും.”
എന്നാൽ ഇത് വ്യജമാണെന്നും അതേസമയം യുദ്ധത്തിൽ കൊല്ലപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്ത സൈനികർക്കായി സർക്കാർ നിരവധി ക്ഷേമ പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. 2020-ൽ സർക്കാർ സായുധ സേനാ യുദ്ധ അപകട ക്ഷേമനിധി (AFBCWF) സ്ഥാപിച്ചു. ഇത് സൈനിക നടപടികളിൽ ജീവൻ നഷ്ടപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്യുന്ന സൈനികരുടെ/നാവികരുടെ/വ്യോമസേനാംഗങ്ങളുടെ കുടുംബങ്ങൾക്ക് ഉടനടി സാമ്പത്തിക സഹായം നൽകുന്നു.