തിരുവനനന്തപുരം: നന്ദൻകോട് കൂട്ടക്കൊല കേസിൽ മേയ് ആറിന് അന്തിമ വിധി പറയും. കേസിന്റെ വിചാരണ പൂർത്തിയായി. കേഡൽ ജിൻസൺ രാജയാണ് ഏക പ്രതി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. കുടുംബാംഗങ്ങളുമായുള്ള വ്യക്തിവിരോധം കാരണം അച്ഛനെയും അമ്മയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കേഡൽ ജിൻസൻ രാജ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. മാനസിക പ്രശ്നമുണ്ടെന്ന കേഡൽ ജിൻസൺ രാജയുടെ വാദങ്ങൾ ഡോക്ടർമാർ തള്ളിയിരുന്നു. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ റിപ്പോർട്ട് നൽകിയിരുന്നു.
കൊലപാതകം നടന്നപ്പോൾ താൻ തിരുവനന്തപുരത്ത് ഇല്ലായിരുന്നു. ആ സമയം ചെന്നെയിൽ അലഞ്ഞ് നടക്കുകയായിരുന്നുവെന്നും കേഡലിന്റെ വാദം. 2017 ഏപ്രിൽ 9ന് ക്ലിഫ് ഹൗസ് സമീപത്തെ വീട്ടിലായിരുന്നു കൊലപാതകങ്ങൾ നടന്നത്. ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ൻസ് കോംപൗണ്ടിലെ 117-ാം നമ്പർ വീട്ടിലാണ് പ്രൊഫ.രാജ തങ്കം, ഭാര്യ ഡോ.ജീൻ പത്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നൈയിലേക്ക് രക്ഷപ്പെട്ട പ്രതി തിരിച്ചെത്തിയപ്പോഴാണ് തമ്പാനൂരിൽ വച്ച് അറസ്റ്റ് ചെയ്യുന്നത്.
മൂന്നു മൃതദേഹങ്ങൾ കത്തിയ നിലയിലും ഒരെണ്ണം കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. വെട്ടിയും കഴുത്തറത്തും കൊന്നശേഷമായിരുന്നു കത്തിച്ചത്. ഓൺലൈനിൽ ഓഡർ ചെയ്ത് വാങ്ങിയ കോടാലി ഉപയോഗിച്ചാണ് കൊലപാതകങ്ങൾ നടത്തിയത്.