കോഴിക്കോട്: പ്രതിരോധ വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ അഞ്ചുവയസുകാരി മരിച്ചു. മലപ്പുറം പെരുവള്ളൂർ സ്വദേശിനിയായ ബാലിക സന ഫാരിസാണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. തലയ്‌ക്കേറ്റ ഗുരുതരമായ മുറിവാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ മാസം 26നാണ് കുട്ടിക്ക് തെരുവ് നായയുടെ കടിയേൽക്കുന്നത്. മിഠായി വാങ്ങാൻ കടയിൽ പോയി മടങ്ങിവരവെ വീടിന് സമീപത്തുവച്ചായിരുന്നു തെരുവുനായയുടെ ആക്രമണം. കുട്ടിയുടെ കാലിലും തലയിലും കടിയേറ്റു. ഉടൻ തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ ഉറപ്പാക്കുകയും പേവിഷബാധക്കെതിരായ കുത്തിവെപ്പെടുക്കുകയും ചെയ്തു. എന്നാൽ അതിനുശേഷവും പേവിഷബാധയുണ്ടാവുകയായിരുന്നു.
പട്ടിയുടെ കടിയേറ്റ് രണ്ട് മണിക്കൂർ കഴിഞ്ഞാണ് കുട്ടിയെ മെഡിക്കൽ കോളേജിൽ എത്തിക്കുന്നത്. തലയിലെ പരിക്ക് ഗുരുതരമായതിനാൽ ഇതിനോടകം തന്നെ വൈറസ് തലച്ചോറിനെ ബാധിച്ചിരിക്കാമെന്നും ഈ സാഹചര്യങ്ങളിൽ വാക്സിൻ ഫലം കാണാതെ പോകാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടർമാർ പറയുന്നു.















