മോഡലും നടിയുമായ നേഹമാലിക്കിന്റെ വീട്ടിൽ മോഷണം. 37-കാരിയായ വീട്ടു ജോലിക്കാരിക്കെതിരെ കേസെടുത്ത് പൊലീ സ്. 34.49 ലക്ഷം രൂപ വിലമതിപ്പുള്ള സ്വർണാഭരണങ്ങളാണ് ഇവർ മോഷ്ടിച്ചതെന്നാണ് വിവരം. മലാഡ് സ്വദേശിയായ ഷെഹ്നാസ് മുസ്തഫയ്‌ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
അന്ധേരിയിലെ ചാർ ബംഗ്ലാവിലായിരുന്നു മോഷണം. എഫ്ഐആർ പ്രകാരം നേഹയുടെ അമ്മ മഞ്ജു ചില ചടങ്ങുകൾക്ക് മാത്രമാണ് സ്വർണാഭരണങ്ങൾ ധരിച്ചിരുന്നത്. ഇതിന് ശേഷം ഇവ വീട്ടിലെ തടിയലമാരയിലെ ഡ്രോയറിൽ സൂക്ഷിക്കുകയാണ് പതിവ്. ഇത് പൂട്ടാറുമില്ല. ഇക്കാര്യം വീട്ടുജോലിക്കാരിക്ക് അറിയാമായിരുന്നു. ഇവരുടെ മുന്നിൽ വച്ച് മഞ്ജു അണിഞ്ഞിരുന്ന ആഭരണങ്ങൾ അഴിച്ച് അലമാരയിൽ വയ്‌ക്കാറുണ്ടായിരുന്നു.
കുടുംബം വീടിന്റെ ഒരു താക്കോൽ ഷെഹ്നാസിനെയും ഏൽപ്പിച്ചിരുന്നു. ഏപ്രിൽ 25ന് നേഹ ഷൂട്ടിനും മറ്റുമായി പുറത്തുപോയി മാതാവ് 7.50-9 നും മദ്ധ്യേ ഗുരുദ്വാരയിലേക്കും. വീട്ടിൽ ഷെഹ്നാസ് മാത്രമേയുണ്ടായിരുന്നുള്ളു. ഇവർ പിറ്റേന്ന് ജോലിക്ക് എത്തിയതുമില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആഭരണങ്ങൾ കാണാതായതിനെക്കുറിച്ച് അറിയുന്നത്. പിന്നാലെ പരാതി നൽകുകയായിരുന്നു. വീട്ടുജോലിക്കാരിയെ ഇതുവരെ പിടികൂടിയിട്ടില്ല.