പഹൽഗാം ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഭീകരർ സ്ഥലത്ത്. ഭീകരരുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ മലയാളിയായ ശ്രീജിത്ത് രമേശൻ എൻഐഎയ്‌ക്ക് കൈമാറി. കശ്മീരിൽ അവധി ആഘോഷത്തിന് പോയതായിരുന്നു ശ്രീജിത്തും കുടുംബവും. ഭീകരരുടേതെന്ന് തോന്നിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
ഏപ്രിൽ 18-നാണ് ശ്രീജിത്തും കുടുംബവും പഹൽഗാമിൽ എത്തിയത്. പഹൽഗാമിൽ വച്ച് ചിത്രീകരിച്ച മകളുടെ വീഡിയോയിലാണ് അന്വേഷണസംഘം പുറത്തുവിട്ട രേഖാചിത്രത്തിന് സാമ്യമുള്ള യുവാക്കളെ കണ്ടത്. ബൈസരൺ താഴ്വരയ്‌ക്ക് സമീപത്ത് വച്ചാണ് വീഡിയോ ചിത്രീകരിച്ചത്. ഇതിനിടെയാണ് രേഖാചിത്രത്തോട് സാമ്യമുള്ള രണ്ട് പേർ കടന്നുപോകുന്നത് വീഡിയോയിൽ പതിഞ്ഞത്.
ഇക്കാര്യം ശ്രീജിത്ത് എൻഐഎയെ അറിയിച്ചിട്ടുണ്ട്. തുടർന്ന് മുംബൈയിലെ എൻഐഎ ഓഫീസിലെത്തി മൊഴി നൽകുകയും ചെയ്തു. ദൃശ്യങ്ങൾ എൻഐഎ പരിശോധിച്ചുവരികയാണ്.
ഭീകരരുടെ രേഖാചിത്രങ്ങൾ കണ്ടപ്പോൾ ആദ്യം സംശയം തോന്നിയെന്നും അങ്ങനെയാണ് മകളുടെ റീൽസ് പരിശോധിച്ചതെന്നും ശ്രീജിത്ത് പറഞ്ഞു. കേസിന് ഗുണകരമായ വിവരമാണ് നൽകിയതെന്നും വേണ്ടിവന്നാൽ മൊഴിയെടുക്കാൻ വീണ്ടും വിളിപ്പിക്കുമെന്ന് എൻഐഎ അറിയിച്ചതായും ശ്രീജിത്ത് പറഞ്ഞു.















